കേരളം

kerala

ETV Bharat / entertainment

ഗോള്‍ഡന്‍ ഗ്ലോബ്‌സിന് കാതോര്‍ത്ത് സിനിമ ലോകം; നോമിനേഷനുകള്‍ വാരിക്കൂട്ടി 'ബാര്‍ബി' - ഗോള്‍ഡന്‍ ഗ്ലോബ്‌സ്‌ 2024

Golden Globes Awards 2024: ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹൈമര്‍ ബാര്‍ബിക്ക് തൊട്ടു പിന്നില്‍. ഓപ്പണ്‍ ഹൈമറിന് എട്ട് നോമിനേഷന്‍. കില്ലേഴ്‌സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍, പുവര്‍ തിങ്‌സ് എന്നിവ ഒപ്പത്തിനൊപ്പം

Golden Globes Awards 2024  Golden Globes 2024  ഗോള്‍ഡന്‍ ഗ്ലോബ്‌സ്‌ 2024  ബാര്‍ബി
golden-globes-2024

By ETV Bharat Kerala Team

Published : Jan 8, 2024, 7:12 AM IST

Updated : Jan 8, 2024, 11:39 AM IST

2023ന് തിരശ്ശീല വീണതോടെ ലോകം തന്നെ ഉറ്റുനോക്കുന്ന പുരസ്‌കാര പ്രഖ്യാപനങ്ങളുടെ കാലവും ആരംഭിക്കുകയായി. 81-ാമത് ഗ്ലോള്‍ഡന്‍ ഗ്ലോബ്‌സ് (Golden Globes 2024) പുരസ്‌കാര പ്രഖ്യാപനം നടക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ ആവേശത്തിലാണ് ലോക ചലച്ചിത്ര പ്രേമികള്‍. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പിരിച്ച് വിട്ടതിന് ശേഷം നടക്കുന്ന ആദ്യ ഗ്ലോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ സിനിമകളുടെ പട്ടികയില്‍ ഒന്‍പത് നോമിനേഷനുകളുമായി 'ബാര്‍ബി' മുന്നിട്ടു നില്‍ക്കുന്നു.

എട്ട് നോമിനേഷനുകള്‍ നേടിയ ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹൈമറിനെ മറികടന്നാണ് ബാര്‍ബിയുടെ മുന്നേറ്റം. ലിയനാര്‍ഡോ ഡി കാപ്രിയോ പ്രധാന വേഷത്തില്‍ എത്തിയ മാര്‍ട്ടിന്‍ സ്‌കോര്‍സെസി ചിത്രം കില്ലേഴ്‌സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍, എമ സ്റ്റോണ്‍ നായിക കഥാപാത്രമായെത്തിയ പുവര്‍ തിങ്‌സ് എന്നീ സിനിമകള്‍ തൊട്ട് പിന്നിലുണ്ട്. ഇന്ത്യന്‍ സമയം ഇന്ന് (ജനുവരി 8) വെളുപ്പിന് തന്നെ പുരസ്‌കാര പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പരിപാടികള്‍ ആരംഭിച്ച് കഴിഞ്ഞു.

മികച്ച ചിത്രത്തിനായി ഓപ്പണ്‍ഹൈമര്‍, കില്ലേഴ്‌സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍, മാസ്‌ട്രോ, പാസ്റ്റ് ലൈവ്സ്, ദി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് എന്നിവയാണ് മത്സര രംഗത്തുള്ളത്. അതേസമയം മികച്ച ചിത്രം (സംഗീതം, ഹാസ്യം) വിഭാഗത്തില്‍ ബാര്‍ബി, പുവര്‍ തിങ്‌സ്, അമേരിക്കന്‍ ഫിക്ഷന്‍, ദി ഹോള്‍ഡോവേഴ്‌സ്, മെയ് ഡിസംബര്‍, എയര്‍ എന്നിവ മാറ്റുരയ്‌ക്കും. ആനിമേറ്റഡ് സിനിമ വിഭാഗത്തില്‍ ദി ബോയ്‌ ആന്‍ഡ് ദി ഹീറോ, എലമെന്‍റല്‍, സ്‌പൈഡര്‍മാന്‍ എക്രോസ് ദി സ്‌പൈഡര്‍ വേഴ്‌സസ്, ദി സൂപ്പര്‍ മാരിയോസ് ബ്രോസ് മൂവി, സുസുമെ, വിഷ്‌ എന്നിവയാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്.

ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായുള്ള ഗോള്‍ഡന്‍ ഗ്ലോബ് പോരാട്ടത്തില്‍ ബ്രാഡ്‌ലി കൂപ്പര്‍ (മാസ്‌ട്രോ), കിലിയന്‍ മര്‍ഫി (ഓപ്പണ്‍ഹൈമര്‍), ലിയനാര്‍ഡോ ഡികാപ്രിയോ (കില്ലേഴ്‌സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍), കോള്‍മാന്‍ ഡൊമിംഗോ (റസ്റ്റിന്‍), ആന്‍ഡ്രൂ സ്‌കോട്ട് (ഓള്‍ ഓഫ് അസ് സ്‌ട്രേഞ്ചേഴ്‌സ്), ബാരി കിയോഗാന്‍ (സാള്‍ട്ട്‌ബേണ്‍) എന്നിവരാണ് ഉള്ളത്. ഇതേ വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി ലിലി ഗ്ലാഡ്‌സ്റ്റോണ്‍ (കില്ലേഴ്‌സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍), കാരി മുല്ലിഗന്‍ (മാസ്ട്രോ), സാന്ദ്ര ഹുല്ലർ (അനാട്ടമി ഓഫ് ഫാൾ), ആനെറ്റ് ബെനിങ് (ന്യാദ്), ഗ്രെറ്റ ലീ (പാസ്റ്റ് ലൈവ്സ്), കെയ്‌ലി സ്‌പെനി (പ്രിസില്ല) എന്നിവര്‍ മത്സരിക്കും.

ബ്രാഡ്‌ലി കൂപ്പർ (മാസ്ട്രോ), ഗ്രെറ്റ ഗെർവിഗ് (ബാർബി), യോർഗോസ് ലാന്തിമോസ് (പുവർ തിങ്സ്), ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ), മാർട്ടിൻ സ്കോർസെസെ (കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ), സെലിൻ സോങ് (പാസ്റ്റ് ലൈവ്സ്) എന്നിവര്‍ക്കാണ് മികച്ച സംവിധായകനുള്ള നോമിനേഷന്‍.

Last Updated : Jan 8, 2024, 11:39 AM IST

ABOUT THE AUTHOR

...view details