പനാജി: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗോവ എന്‍വയോണ്‍മെന്‍റല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ (ജിഇഎഫ്എഫ്) ആദ്യ എഡിഷന് ജൂണ്‍ 3 ന് തുടക്കമാകും. ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാര നേട്ടത്തോടെ തിളങ്ങിയ ഡോക്യുമെന്‍ററി 'ദ എലിഫന്‍റ് വിസ്‌പറേഴ്‌സ്' ആകും ആദ്യം പ്രദര്‍ശനത്തിനെത്തുക.
മൂന്ന് ദിവസങ്ങളിലായി 50-ലധികം ചിത്രങ്ങൾ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി നീലേഷ് കാബ്രല്‍ അറിയിച്ചു. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത്, സിനിമകള്‍ കാണണമെന്ന് വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും മന്ത്രി നീലേഷ് കാബ്രല്‍ ആവശ്യപ്പെട്ടു.
ജിഇഎഫ്എഫില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ വിവിധ വശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാകും പ്രദര്‍ശനത്തിനുണ്ടാവുക. ബള്‍ഗേറിയ, കാനഡ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഒമാന്‍, പോര്‍ച്ചുഗല്‍, റഷ്യ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൂടാതെ ഗോവയിലെ പ്രാദേശിക ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും.
കാണികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്‍റെ വിവിധ വശങ്ങള്‍ മനസിലാക്കാന്‍ എന്‍വയോണ്‍മെന്‍റല്‍ ഫിലിം ഫെസ്റ്റിവല്‍ സഹായകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതേസമയം ഓസ്‌കറിൽ ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയ ഡോക്യുമെന്‍ററി ആയിരുന്നു ഗോവ എന്‍വയോണ്‍മെന്‍റല്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യ ചിത്രമായി പ്രദർശനത്തിന് എത്തുന്ന 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്'.
ALSO READ:'അവര്‍ക്ക് സംസാരിക്കാന്‍ സമയം നല്‍കിയില്ല'; ഓസ്‌കര്‍ പുരസ്‌കാര ശേഷം ഗുനീത് മോംഗയെ ആശുപത്രിയിലാക്കിയെന്ന് കീരവാണി
കാർത്തികി ഗോൺസാൽവസിന്‍റെ സംവിധാനത്തില്‍ ഗുനീത് മോംഗയാണ് ഈ ഡോക്യുമെന്‍ററി നിർമിച്ചത്. മികച്ച ഡോക്യുമെന്‍ററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കർ പുരസ്‌കാരമാണ് 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്' നേടിയത്. ഇന്ത്യയില്‍നിന്ന് ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ചിത്രം കൂടിയാണിത്.
രഘു എന്ന് പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവത കഥയാണ് 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്' വരച്ചു കാട്ടുന്നത്. തമിഴ്‌നാട് മുതുമലൈ ദേശീയ പാർക്കിന്‍റെ പശ്ചാത്തലത്തിലാണ് 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്' ഒരുക്കിയത്. തമിഴ്‌നാട്ടിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെള്ളിയും.
മുതുമല വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരായ ഇവർ കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. ഇവരുടെ കഥയാണ് 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സി'ന് ആധാരം. തമിഴില്‍ ഒരുക്കിയിരിക്കുന്ന ഈ ഡോക്യുമെന്‍ററി പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്‍റെ നേർചിത്രം കൂടിയാണ് നമുക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
നേരത്തെ ഡോക്യുമെന്‍ററി സംവിധായിക കാര്‍തികിയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആദരിച്ച വാർത്ത ചർച്ചയായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങി നാട്ടിലെത്തിയ കാര്‍തികി ഗോണ്‍സാല്‍വസ് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ വേളയില്‍ ഒരു കോടി രൂപയാണ് സംവിധായികയ്‌ക്ക് പാരിതോഷികമായി സ്റ്റാലിന്‍ നല്‍കിയത്.
ഊട്ടി സ്വദേശിനിയായ കാര്‍തികിയുടെ നേട്ടത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കാര്‍തികിയെ ആദരിക്കുന്നതിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. മാത്രവുമല്ല ബൊമ്മനേയും ബെള്ളിയേയും അടുത്തിടെ സ്റ്റാലിന്‍ ആദരിച്ചിരുന്നു.
ALSO READ:'നാട്ടു നാട്ടു' ഇന്ത്യൻ സിനിമയുടെ വിജയം, ഇപ്പോഴും സ്വപ്‌നത്തിലെന്ന പോലെ'; ഓസ്‌കറിൽ പ്രതികരിച്ച് രാം ചരണും ജൂനിയർ എൻടിആറും