ജ്ഞാനസാഗർ ദ്വാരക തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമാണ് 'ഹരോം ഹര'. സുധീർ ബാബു നായകനാകുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് 'ഹരോം ഹര'യുടെ മലയാളം ടീസർ പുറത്തിറക്കിയത്. ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസിന്‍റെ (എസ്എസ്‌സി) ബാനറിൽ സുമന്ത് ജി നായിഡുവാണ് ഈ ചിത്രത്തിന്‍റെ നിർമാണം.
മാളവിക ശർമ്മയാണ് 'ഹരോം ഹര'യിലെ നായിക. സുനിൽ, ജെ പി, ലക്കി ലക്ഷ്‌മൺ, രവി കാലെ, അക്ഷര ഗൗഡ & അർജുൻ ഗൗഡ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഏതായാലും ചിത്രത്തിന്‍റെ പ്രതീക്ഷയേറ്റുന്നതാണ് ഇപ്പോൾ പുറത്തുവന്ന ടീസർ.
പൊലീസ് അറസ്റ്റ് ചെയ്‌ത നായകനിലേക്ക് കാമറ തിരിച്ചുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്. അയാളുടെ അനുയായികൾ പൊലീസിനെ തടയാൻ ശ്രമിക്കുന്നതും കാണാം. സുധീർ ബാബു അവതരിപ്പിക്കുന്ന സുബ്രഹ്മണ്യനിലൂടെയാണ് ടീസർ മുൻപോട്ട് സഞ്ചരിക്കുന്നത്.
പോരാട്ടത്തിന് തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം ആളുകളെ കാണിക്കുന്ന ടീസറിൽ തുടർന്നങ്ങോട്ട് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ മുഖങ്ങൾ മിന്നിമറയുന്നു. യുദ്ധക്കളത്തിൽ വിജയിക്കുന്നതോടൊപ്പം അതിജീവിക്കാനും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് ടീസർ സ്ഥാപിക്കുന്നു. കാണികളുടെ ആവേശമേറ്റുന്ന ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും 'ഹരോം ഹര' എന്ന സൂചനയും നൽകുന്നതാണ് ടീസർ.
എന്നാൽ സിനിമയുടെ പ്ലോട്ട്‌ലൈൻ വെളിപ്പെടുത്താതെയാണ് ടീസർ അവസാനിക്കുന്നത് എന്നതും ശ്രദ്ധേയം. ചിത്രത്തിന്‍റെ പ്രമേയം വ്യക്തമാവാതിരിക്കാൻ അണിയറക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒരു സാധാരണക്കാരനിൽ നിന്ന് നഗരത്തിലെ തലവനായി മാറുന്ന 'സുബ്രഹ്മണ്യം' എന്ന കഥാപാത്രത്തെ പക്വതയോടെ തന്നെയാണ് സുധീർ ബാബു പകർന്നാടുന്നത്.