ചോളൻമാരുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 28ന് സിനിമ തീയറ്ററുകളിൽ റിലീസിനെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മണിരത്നത്തിൻ്റെ സംവിധാനത്തിൽ എത്തുന്ന ചോളരാജ്യത്തിൻ്റെയും, ചോളൻമാരുടെയും കഥപറയുന്ന സിനിമയുടെ ആദ്യ ഭാഗമായ ‘പൊന്നിയിൻ സെൽവൻ’ (ps1) ആരാധകർ ഏറ്റെടുത്തിരുന്നു. രണ്ടു ഭാഗങ്ങളായി വരുന്ന സിനിമയുടെ രണ്ടാം ഭാഗത്തിലെ ഒരു ഗാനത്തിൻ്റെ ഗ്ലിംപ്‌സാണ് ഇപ്പോൾ പുറത്തു വന്നത്. പുതിയ ഗാനത്തിൻ്റെ റിലീസ് അറിയിച്ചു കൊണ്ടാണ് ലൈക്ക പ്രൊഡക്‌ഷൻസ് ഗ്ലിംപ്‌സ് പുറത്തു വിട്ടത്.
ചിത്രത്തിലെ കുന്ദവൈ ദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷയും, വന്തിയതേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാർത്തിയും ചേർന്ന് അഭിനയിക്കുന്ന ‘അഗ നഗ’ ഗാനമാണ് പുറത്തു വിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്‌ണൻ്റെ രചനയിൽ എആര്‍ റഹ്‌മാന്‍ ഒരുക്കിയ പാട്ട് ശക്തിശ്രീ ഗോപാലനാണ് ആലപിച്ചിരിക്കുന്നത്. ഒരു തോണി പുഴയിലൂടെ ഒഴുകി പോകുന്നതും, ആകാശത്തിലൂടെ കിളികൾ പറന്നുയരുന്നതും, പൊന്നി നദിയുടെ ഒഴുക്കും കാണിച്ചുകൊണ്ടാണ് ഗ്ലിംപ്‌സ് തുടങ്ങുന്നത്. രണ്ടുപേർ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതിൻ്റെയും, അവസാനം കാർത്തിയും തൃഷയും മുഖത്തോടു മുഖം നോക്കി നിൽക്കുന്നതുമാണ് പുറത്തു വിട്ട ഗ്ലിംപ്‌സിലെ രംഗങ്ങൾ.
സിനിമയിൽ ഏവരുടെയും ഹൃദയം കവർന്നവരാണ് കുശാഗ്ര ബുദ്ധിക്കാരിയായ കുന്ദവൈ ദേവിയും, സാമർഥ്യ ശാലിയായ വന്തിയതേവനും. ഇരുവരുടെയും ഉള്ളിൽ പ്രണയം ഉടലെടുക്കാനുള്ള സാധ്യത സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രേക്ഷകർക്ക് കാട്ടിത്തരുന്നുണ്ട്. കുന്ദവൈ ദേവിയുടെ നിർദേശപ്രകാരമാണ് സിനിമയിൽ വന്തിയതേവൻ പൊന്നിയിൻ സെൽവനെ കാണാനായി യാത്രത്തിരിക്കുന്നത്. തിങ്കളാഴ്‌ച വൈകിട്ട് ആറ് മണിക്ക് മുഴുവൻ ഗാനവും റിലീസ് ചെയ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.