ഹായ് മാലിനി... നാ ഇത് സൊല്ലിയെ ആകണം..നീ അവളോ അഴക്.. ഈ ഡയലോഗ് മനഃപാഠമാക്കിയവരാണ് ഒരു കാലത്തെ യുവതലമുറ... ഇത്രമേൽ ആർദ്രമായി പ്രണയം തുറന്നുപറയാമെന്ന് കാണിച്ചുതന്ന ഷോട്ടുകൾ... വേറിട്ട പ്രണയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ഗൗതം വാസുദേവ് മേനോന് ഇന്ന് അൻപതാം പിറന്നാൾ.
പൗരുഷം നിറഞ്ഞ ആൺകഥാപാത്രങ്ങളെ മുൻനിർത്തിയുള്ള ചിത്രങ്ങളല്ല, മറിച്ച് നായകനും നായികക്കും ഒരേ പ്രാധാന്യം നൽകുന്ന ഒരുപിടി മികച്ച സിനിമകൾ അരങ്ങിലെത്തിച്ച കലാകാരൻ. ഒരുകാലത്തെ പ്രണയകഥകളുടെ ക്ലീഷേ പൊളിച്ചെഴുതിയ സംവിധായക മികവ്. റൊമാന്‍റിക് സ്റ്റീരിയോടൈപ്പ് ക്ലൈമാക്‌സുകൾ അദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നില്ല.
സിനിമ ജീവിതത്തിലെ നീണ്ട 22 വർഷങ്ങൾ. 1973 ഫെബ്രുവരി 25ന് പാലക്കാട് ഒറ്റപ്പാലത്ത് ഒരു മലയാളി കുടുംബത്തിൽ ജനിച്ച അദ്ദേഹം വളർന്നതൊക്കെ തമിഴ്‌നാട്ടിലെ തിരുച്ചിയിലായിരുന്നു. രാജീവ് മേനോന്‍റെ കീഴിലായിരുന്നു സിനിമ മേഖലയിൽ ആദ്യം പ്രവർത്തിച്ചിരുന്നത്.
വർഷങ്ങൾക്ക് മുൻപ് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി ഫിലിം മേക്കർ ആകണമെന്ന ആഗ്രഹത്തോടെ കോളജിൽ നിന്നിറങ്ങിയ അതേ ഗൗതം മേനോൻ പിന്നീട് ഒരുക്കിയത് ദക്ഷിണേന്ത്യൻ സിനിമകളിലെ മികച്ച സൃഷ്‌ടികളാണ്. മണിരത്നത്തിന്‍റെയും കമൽഹാസന്‍റെയും ചിത്രങ്ങൾ ആരാധനയോടെ കണ്ടിരുന്ന കാലത്ത് നിന്നും കമൽഹാസനെ വച്ച് തന്നെ പടം പിടിച്ച പ്രതിഭാസം. ഗൗതം വാസുദേവ് മേനോൻ, ആരാധകരുടെ ജിവിഎം.
2001ൽ പുറത്തിറങ്ങിയ മിന്നലെ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് സംവിധായകൻ എന്ന നിലയിലുള്ള അരങ്ങേറ്റം. 2003ൽ പുറത്തിറങ്ങിയ കാക്ക കാക്കയും തമിഴ് പൊലീസ് സിനിമകളിലെ കൾട്ട് ക്ലാസിക് ചിത്രമായി 2006ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന ചിത്രവും 2008ൽ പുറത്തിറങ്ങിയ വാരണം ആയിരവും 2010ൽ റിലീസ് ചെയ്‌ത വിണ്ണൈത്താണ്ടി വരുവായയും 2012ൽ പുറത്തിറങ്ങിയ നീതാനെ എൻ പൊൻ വസന്തവും 2020ലെ 'പാവ കഥൈകൾ' എന്ന ആന്തോളജിയിലെ വൻ മകളുമൊക്കെ അദ്ദേഹത്തിന് മികച്ച ജനപിന്തുണ നേടിക്കൊടുത്തവയാണ്.
ജിവിഎമ്മിന്‍റെ അത്യാധുനിക തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത നിരവധി കഥാപാത്രങ്ങളുണ്ട്. സിനിമയിൽ വേഷമിട്ട നായിക-നായകന്മാരേക്കാളും പ്രേക്ഷകർ ഓർത്തിരിക്കുന്നത് അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ തന്നെയായിരുന്നു. സിനിമയിൽ തന്‍റേതായ സ്റ്റൈൽ നൽകിയ, വേറിട്ട സംഭാഷണങ്ങൾ നൽകിയ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും അഭിനേതാവുമൊക്കെയാണ് അദ്ദേഹം.
കൈയില്‍ കാപ്പിട്ട്, ഒരു ബുള്ളറ്റുമായി, ബ്ലൂ കളർ ഷർട്ടുമിട്ട് ഫ്രെയിമിലേക്ക് എത്തുന്ന നായകൻ. ഇംഗ്ലീഷും തമിഴും മിക്‌സ് ചെയ്‌ത ഒഴുക്കൻ സംഭാഷണങ്ങൾ, തന്‍റെ പ്രണയിനിയുടെ കാൽപ്പാദങ്ങളെ അത്രമേൽ പ്രണയാതുരമായി സ്‌പർശിക്കുന്ന രംഗങ്ങൾ.. നിസ്സംശയം പറയാം, അത് ജിവിഎം പടമാണെന്ന്. ഇത്തരത്തിലുള്ള ചില കയ്യൊപ്പുകൾ ചേർത്താണ് അദ്ദേഹം ചിത്രം ഒരുക്കുന്നത്. പ്രേക്ഷകരുടെ ഉള്ളിൽ എഴുതിച്ചേർക്കപ്പെട്ട കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നത്.