മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രമാണ് 'കാതൽ ദി കോർ'. പ്രസക്തമായ കഥാതന്തുവും ശക്തമായ രാഷ്‌ട്രീയവും പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. അടുത്തിടെ 'കാതൽ' ഒടിടിയിലും പ്രദർശനം ആരംഭിച്ചു.
ഇതിന് പിന്നാലെ ചിത്രം കൂടുതൽ പേരിലേക്ക് എത്തുകയും വലിയ ചർച്ചകൾക്ക് വഴിവയ്‌ക്കുകയും ചെയ്‌തു. വിവിധ ചലച്ചിത്ര മേഖലകളിൽ നിന്നടക്കം നിരവധി പേരാണ് 'കാതലി'നെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, പ്രശസ്‌ത സംവിധായകനായ ഗൗതം വാസുദേവ് മേനോൻ തന്നെ.
'കാതല്‍' സിനിമയിൽ സുപ്രധാന വേഷംചെയ്‌ത സുധി കോഴിക്കോടിന് മെസേജ് അയച്ചാണ് ഗൗതം വാസുദേവ് മേനോൻ അഭിനന്ദനം അറിയിച്ചത്. "ഹായ് സുധി, ഞാന്‍ സിനിമ കണ്ടു. വളരെ ഇഷ്‌ടമായി. നിങ്ങളും വളരെ നന്നായി ചെയ്‌തു. വളരെ ശക്തവും അതേസമയം സൂക്ഷ്‌മവുമായ ചിത്രമാണ് കാതൽ. എനിക്കേറെ ഇഷ്‌ടമായി"- ഗൗതം വാസുദേവ് സുധിക്ക് അയച്ച സന്ദേശം ഇങ്ങനെ.
'കാതലി'ൽ തങ്കൻ എന്ന കഥാപാത്രത്തെയാണ് സുധി കോഴിക്കോട് അവതരിപ്പിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷം ചെയ്‌തിട്ടുണ്ടെങ്കിലും 'കാതലി'ലൂടെയാണ് സുധി കോഴിക്കോട് ശ്രദ്ധ നേടുന്നത്. നടൻ എന്ന നിലയിൽ തിരിച്ചറിയപ്പെടുന്നത് ആദ്യമായാണെന്ന് സുധി കോഴിക്കോട് ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.