ഇന്ത്യൻ സിനിമയിലെ തന്നെ മികവുറ്റ സംവിധായകരില്‍ ഒരാളാണ് എസ് ഷങ്കർ (S Shankar). തമിഴ് സിനിമയിൽ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്ററുകള്‍ സൃഷ്‌ടിച്ച ഷങ്കറിന്‍റെ അറുപതാം ജന്മദിനമാണ് നാളെ. ഓഗസ്റ്റ് 17 ന് ആണ് അദ്ദേഹത്തിന്‍റെ ജന്മദിനം എങ്കിലും ആഘോഷങ്ങൾ ഇപ്പോഴേ ആരംഭിച്ച് കഴിഞ്ഞു.
ഷങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഗെയിം ചേഞ്ചർ' (Game Changer) സിനിമയുടെ അണിയറ പ്രവർത്തകരാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ബീഗംപേട്ടിൽ ചിത്രത്തിന്‍റെ സെറ്റിൽ കേക്ക് മുറിച്ച് പ്രിയ സംവിധായകന് ആശംസകൾ നേർന്നിരിക്കുകയാണ് 'ഗെയിം ചേഞ്ചർ' ടീം. ചിത്രത്തില്‍ നായക വേഷത്തിലെത്തുന്ന രാം ചരൺ (Ram Charan ) ഉൾപ്പടെ മുഴുവൻ ടീമും സംവിധായകന്‍റെ സ്‌പെഷ്യൽ ഡേ കളറാക്കാൻ ഒത്തുകൂടി.
പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന്‍റെ നിർമാതാവ് ദിൽ രാജുവും പിറന്നാൾ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാനായുണ്ട്. രാം ചരൺ ഉൾപ്പടെയുള്ളവർ സംവിധായകന് ആശംസകൾ നേരുന്നതും സ്‌നേഹം പങ്കിടുന്നതുമെല്ലാം വീഡിയോയിലും ഫോട്ടോകളിലും കാണാം.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സിനിമാലോകത്ത് ഷങ്കർ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വർഷങ്ങളോളം തമിഴ് സിനിമയിൽ ഏറ്റവും വിജയം കൊയ്‌ത സംവിധായകരിൽ ഒരാളായി അദ്ദേഹം തുടർന്നു. ആക്ഷൻ ഹീറോ അർജുൻ നായകനായ 'ജെന്‍റിൽമാൻ' ആയിരുന്നു അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ നിരവധി ബിഗ്-ബജറ്റ് മെഗാ-ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹത്തിൽ നിന്നും പിറവി കൊണ്ടു.