ഹൈദരാബാദ്:തെലുഗു സൂപ്പർ സ്റ്റാർ രാംചരണിനെയും (Ram Charan) ബോളിവുഡിന്‍റെ പ്രിയ താരം കിയാര അദ്വാനിയെയും (Kiara Advani) നായിക - നായകന്മാരാക്കി പ്രശസ്‌ത സംവിധായകൻ ശങ്കർ (Shankar) അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'ഗെയിം ചേഞ്ചർ' (Game Changer). പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ നിന്നും വൻ അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. കിയാര അദ്വാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ നാളെ പുറത്തു വിടുമെന്നാണ് റിപ്പോർട്ടുകൾ.
കിയാര അദ്വാനിയുടെ 31-ാം ജന്മദിനമാണ് നാളെ (ജൂലൈ 31). അതുകൊണ്ടുതന്നെ താരത്തിന് പിറന്നാൾ സമ്മാനമായി 'ഗെയിം ചേഞ്ചറി'ലെ ഫസ്റ്റ് ലുക്ക് നാളെ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും നിർമാതാക്കളിൽ നിന്നുള്ള അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ നിർമാണം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ താരതമ്യേന വിരളമായാണ് പുറത്ത് വരുന്നത് എന്നതിനാൽ ആരാധകരുടെ പ്രതീക്ഷയും ആകാംക്ഷയും ശക്തമാണ്. ഏതായാലും കിയാരയുടെ ഫസ്റ്റ് ലുക്ക് നാളെ എത്തിയാൽ അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകവൃന്ദം. പിറന്നാൾ ദിനത്തില്‍ എത്തുന്ന പോസ്റ്റർ ആരാധകർക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും.
അതേസമയം 'സത്യപ്രേം കി കഥ' എന്ന ചിത്രമാണ് കിയാര അദ്വാനിയുടെ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. കാർത്തിക് ആര്യൻ നായകനായി എത്തിയ സിനിമയിലെ കിയാരയുടെ പ്രകടനം മികച്ച പ്രതികരണം നേടിയിരുന്നു. ഈ ചിത്രത്തിലൂടെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച താരം 'ഗെയിം ചേഞ്ചറി'ലും ഞെട്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.