അറുപതാം പിറന്നാള്‍ നിറവില്‍ മലയാളത്തിന്‍റെ സ്വര മാധുര്യം. പ്രിയ ഗായിക സുജാത. ജന്മദിനത്തില്‍ നിരവധി പേരാണ് സുജാതയ്‌ക്ക് പിറാന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഗായകന്‍ ജി വേണുഗോപാലും സുജാതയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായൊരു കുറിപ്പ് പങ്കുവച്ച് കൊണ്ടായിരുന്നു വേണുഗോപാലിന്‍റെ പിറന്നാള്‍ ആശംസ.
'ബേബി സുജാതയ്ക്ക് 60 വയസ്. വിശ്വസിക്കാൻ പ്രയാസമുണ്ട്. എനിക്കൊരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു. തൊള്ളായിരത്തി എഴുപതുകളിലെ ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല.
ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്‌തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു. സുജു അഞ്ചാം ക്ലാസിലും ഞാൻ ഏഴിലും. കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികൾ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എൻ്റെ സംഗീത സ്‌മരണകളുടെ ആരംഭം അവിടെ നിന്നാണ്.
അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടി ഉണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂർ ഹൗസിലാണ് താമസിക്കുക. സുജുവിനോടൊപ്പം ജഗതിയിലെ പ്രഭ ചേച്ചിയുടെ വീട്ടിൽ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും, ഒപ്പം ഗാന മേളകൾക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. അവിഭാജ്യ കേരള യൂണിവേഴ്‌സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടർന്ന് നീണ്ടിരുന്നു. യുവജനോത്സ മത്സരങ്ങൾക്ക് സുജുവിൻ്റെ രവിപുരത്തുള്ള വീട്ടിൽ താമസിച്ച്, സാധകം ചെയ്‌ത് പോകുന്ന നല്ലോർമ്മകൾ.
പിൽക്കാലത്ത് എൻ്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ ആദ്യമായി പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാൻ ഞങ്ങളുടെ പറവൂർ ഹൗസിൽ വരുമ്പോഴാണ്. എൻ്റെ ആദ്യ സിനിമ സോളോ റിക്കാർഡിങ്ങിന് ചെന്നൈയിൽ എത്തുമ്പോൾ സുജു വിശ്രമത്തിലാണ്. ശ്വേത സുജുവിൻ്റെ ഉള്ളിൽ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്.
തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമ ഗാനങ്ങളിൽ സജീവമാകാൻ തുടങ്ങി. അഡ്വർട്ടൈസ്മെൻ്റ് സംഗീത രംഗത്തെ ഒരു മിടുമിടുക്കൻ പയ്യൻ ദിലീപിനെ കുറിച്ച് സുജു പറഞ്ഞാണ് ഞാന്‍ അറിയുന്നത്. പിൽക്കാലത്ത് എ.ആർ റഹ്മാൻ്റെ സംഗീതത്തിലൂടെ സുജുവിൻ്റെ ശബ്‌ദം തെന്നിന്ത്യൻ സിനിമ സംഗീതത്തിൻ്റെ ഒരവിഭാജ്യ ഘടകമായി മാറി. ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിൻ്റെ ഹിറ്റ് ഗാനങ്ങള്‍ ഏറെയും സുജുവിൻ്റെ ശബ്‌ദത്തില്‍ ഇറങ്ങുന്നതും.