കൊവിഡ് കാലത്തിന് ശേഷം മലയാള സിനിമ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ജി സുരേഷ് കുമാർ. പല തിയേറ്ററുകളും വായ്‌പ തുക ബാങ്കുകളിൽ തിരിച്ചടക്കാനാകാതെ പൂട്ടി പോകൽ ഭീഷണി നേരിടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'മാളികപ്പുറം', '2018' തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്‌തില്ലായിരുന്നുവെങ്കിൽ കേരളത്തിൽ 50% തിയേറ്ററുകളും പ്രവർത്തനം അവസാനിപ്പിച്ചേനെ എന്ന് സുരേഷ് കുമാർ പറഞ്ഞു (G Suresh Kumar on cinema theaters in Kerala 50).
വേണു കുന്നപ്പള്ളി എന്ന ധൈര്യശാലിയായ പ്രൊഡ്യൂസർ കാരണമാണ് മലയാള സിനിമ നേരിടാനിരുന്ന വലിയ ഭീകരാന്തരീക്ഷം ഇല്ലാതായതെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. 'മാളികപ്പുറം', '2018' തുടങ്ങിയ ചിത്രങ്ങൾ നിർമിക്കാൻ കാണിച്ച ധൈര്യത്തിനും മലയാള സിനിമയ്‌ക്ക് പുതുജീവൻ നൽകിയതിനും വേണു കുന്നപ്പള്ളിയോട്
ഹൃദയത്തിന്‍റെ ഭാഷയിൽ സുരേഷ് കുമാർ കടപ്പാട് അറിയിക്കുകയും ചെയ്‌തു.
മലയാളത്തിൽ 100 കോടി ക്ലബ്ബുകൾ എന്നു പറയുന്ന പല കളക്ഷൻ റിപ്പോർട്ടുകളും വ്യാജമാണ്. മാധ്യമ തലക്കെട്ടുകളിൽ മാത്രമൊതുങ്ങുന്ന ഇത്തരം വ്യാജ നൂറുകോടി ക്ലബ്ബുകൾ മലയാള സിനിമയ്‌ക്ക് ഒരു തരത്തിലും ഗുണം ചെയ്‌തിരുന്നില്ല. മലയാള സിനിമ കണ്ട എക്കാലത്തെയും ചരിത്ര വിജയമാണ് '2018' നേടിയത്. ഇത്രയും വർഷത്തെ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ '2018' നോളം പോന്ന ഒരു വിജയവും കളക്ഷനും മറ്റൊരു സിനിമയ്ക്കും നേടാനായിട്ടില്ല.
'മാളികപ്പുറം', '2018' എന്നീ ചിത്രങ്ങൾ നിർമിക്കുന്നതിനു മുമ്പ് 'മാമാങ്കം' എന്ന ആശയവുമായി വേണു കുന്നപ്പള്ളി മുന്നോട്ടുവന്നപ്പോൾ ആദ്യം താൻ ആ ശ്രമത്തിൽ നിന്ന് പിന്തിരിയാൻ ആണ് വേണുവിനെ ഉപദേശിച്ചതെന്നും ജി സുരേഷ് കുമാർ പറഞ്ഞു. വേണുവിന്‍റെ ഒറ്റ നിർബന്ധ പ്രകാരമാണ് 'മാമാങ്കം' ചലച്ചിത്രഭാഷ്യം ആയത്. എന്നാൽ ബോക്‌സ് ഓഫിസിൽ വലിയ തകർച്ചയായിരുന്നു 'മാമാങ്ക'ത്തിന് നേരിടേണ്ടി വന്നത്.