'എന്താടാ വിജയാ, നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത്,ദാസാ, ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനേ...
നമുക്ക് നല്ല ഒരു വീട് കെട്ടണം,ഒരു കാർ വാങ്ങണം,ഒരു ഫ്രിഡ്‌ജ്, എസി...'
അവർ എനിക്കോ, നിനക്കോ എന്നല്ല, 'നമുക്ക്' എന്നായിരുന്നു പറഞ്ഞത്. സൗഹൃദത്തിലൂന്നിയുള്ള സിനിമകളെ കുറിച്ചോർത്താൽ മലയാളികളുടെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുക അവരായിരുന്നു, ദാസനും വിജയനും. ഇരുവരും ജീവിതത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരായിരുന്നു. ശരാശരി മലയാളിയുടെ അതിജീവനമാണ് നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിലൂടെ സ്ക്രീനിലെത്തിയത്. തൊണ്ണൂറുകളിലെ ഏറ്റവും ദൃഢമായ കൂട്ടുകെട്ടായിരുന്നു അവരുടേത്. അത്രത്തോളം ആഘോഷിക്കപ്പെട്ട ഹിറ്റ് കോമ്പോ. പാരവെപ്പും കളിയാക്കലും പിണക്കവും ഇണക്കവുമൊക്കെയായി നമ്മോടോപ്പം സദാസമയം ഉണ്ടാകുന്ന ഒരു സുഹൃത്തിനെയാണ് മൂന്ന് ചിത്രങ്ങളിലും മലയാളി കണ്ടത്.
ശാലിനി എന്‍റെ കൂട്ടുകാരി : ശാലിനിയെ ശോഭയും അമ്മുവിനെ ജലജയും അനശ്വരമാക്കിയ ചിത്രം. കലാലയങ്ങളെ കണ്ണീർ കടലാക്കിയ പെൺ സൗഹൃദം. ശാലിനിയും അമ്മുവും :അമ്മുവിനൊപ്പം വളരെ സന്തോഷവതിയായ ശാലിനി. ഇരുവരും പരസ്‌പരം മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്നു. ഇരുവർക്കും ഇടയിലേക്ക് ദൂരം വില്ലനായി വന്നപ്പോൾ കത്തുകളെഴുതി അവർ അതിന് പരിഹാരം കണ്ടു. ഇരുവരുടെയും തുറന്ന സംഭാഷണങ്ങൾ. ഒടുവിൽ മരണം എന്ന വില്ലൻ ശാലിനിയെ അമ്മുവിൽ നിന്നകറ്റുന്നു. ശാലിനിയുടെ മരണത്തോടെ അമ്മുവിന് നഷ്‌ടപ്പെട്ടത് തന്നെ തന്നെയായിരുന്നു, ശാലിനിക്ക് മാത്രം അറിയാമായിരുന്ന മറ്റാർക്കും സുപരിചിതയല്ലാത്ത അമ്മുവിലെ വ്യക്തിയെ.
ദേശാടനക്കിളി കരയാറില്ല :സ്‌കൂൾ വിദ്യാഭ്യാസകാലം ബോർഡിങ്ങിന്‍റെ കെട്ടുപാടുകൾക്കുള്ളിൽ പെട്ടുപോകുന്ന സാലിയും നിമ്മിയും. എന്തിനും എതിനും ഒരാൾക്ക് മറ്റൊരാൾ ഉണ്ടായിരുന്നു. ഇരുവരും പരസ്‌പരം താങ്ങായി നിന്നു. സ്വാതന്ത്ര്യം തേടി ഒളിച്ചോടുന്നതും, പിടിക്കപ്പെടാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്നതും ഇരുവരും ഒന്നിച്ചാണ്. ദേശാടനക്കിളിയെ പോലെ പറന്നുനടക്കാൻ ആഗ്രഹിച്ച നിമ്മിയും സാലിയും ശുദ്ധ സൗഹൃദത്തിന്‍റെ ഉത്തമ മാതൃകകളായിരുന്നു. ഒടുവിൽ ഇരുവരും ഒരേ കട്ടിലിൽ കെട്ടിപ്പിടിച്ച് മരിച്ചുകിടക്കുന്ന കാഴ്‌ച. അതെ, അവർ അപ്പോഴും ഒന്നിച്ചുതന്നെ. മരണത്തിന് പോലും പിരിക്കാൻ കഴിയാതെ അവർ മറ്റേതോ ലോകത്തെ ദേശാടനക്കിളികളായി. സമൂഹം കൽപ്പിച്ച ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് അവർ സ്വാതന്ത്ര്യം തേടി പറന്നകന്നു. ഒരിക്കലും ഒറ്റയ്ക്കാകാതെ ഒന്നിച്ച്.
രാമഭദ്രനെ പ്രേമിക്കാൻ ഉപദേശിക്കുന്ന മായൻകുട്ടി : ഗോഡ്‌ഫാദർ എന്ന ചിത്രത്തിൽ മുകേഷ് അവതരിപ്പിക്കുന്ന രാമഭദ്രൻ എന്ന കഥാപാത്രത്തിന്‍റെ ആത്മ മിത്രമാണ് ജഗദീഷിന്‍റെ മായൻകുട്ടി. ആനപ്പാറ അച്ചാമ്മയുടെ കൊച്ചുമോളെ പ്രേമിച്ച് വശത്താക്കി പ്രതികാരം ചെയ്യാൻ രാമഭദ്രനെ ഉപദേശിക്കുന്ന മായൻകുട്ടി. ഒടുവിൽ കളി കാര്യമാകുമ്പോഴും അവന്‍ കൂട്ടുകാരന് ഒപ്പം നിൽക്കുന്നു. രാമഭദ്രന്‍റെ ചേട്ടന്മാരെ കല്യാണം കഴിപ്പിക്കാമെന്ന് നിര്‍ദേശിക്കുന്നതും,ഒരു ചേട്ടന് ഭാര്യയും മക്കളും ഉണ്ടെന്ന് കണ്ടെത്തുന്നതും ഇതേ മായൻകുട്ടിയാണ്. തന്‍റെ കൂട്ടുകാരൻ ഒടുവിൽ മാലുവിന്‍റെ കഴുത്തിൽ താലി കെട്ടുമ്പോൾ കൂട്ടത്തല്ലിനിടയിലും തുള്ളിച്ചാടുന്ന മായൻകുട്ടി. ഉള്ളിൽ യാതൊരു കളങ്കവുമില്ലാത്ത സിനിമയിൽ ഉടനീളം കൂട്ടുകാരന് വേണ്ടി തല്ലുകൊള്ളുന്ന ഉപദേശങ്ങൾ നൽകുന്ന രാമഭദ്രന്‍റെ ഉറ്റസുഹൃത്തായ മായൻകുട്ടി.