കേരളം

kerala

ETV Bharat / entertainment

Oommen Chandy| ഉദാരത മുഖമുദ്ര, മനുഷ്യത്വത്തിന്‍റെ മരുപ്പച്ച; ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ - ഉമ്മന്‍ചാണ്ടി അന്തരിച്ചു

ഉദാരത മുഖമുദ്ര, മാനുഷിക പരിഗണകളോടെ ജനങ്ങളെ സമീപിച്ച ദയാലു- ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിച്ച് മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍

Oommen Chandy  former Chief Secretary K Jayakumar  K Jayakumar about Oommen Chandy  former Chief Secretary about Oommen Chandy  In memory of Oommen Chandy  Remembering Oommen Chandy  കെ ജയകുമാര്‍  ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിച്ച് കെ ജയകുമാര്‍  ഉമ്മന്‍ചാണ്ടി അനുസ്‌മരണം  ഉമ്മന്‍ചാണ്ടി  ഉമ്മന്‍ചാണ്ടി അന്തരിച്ചു  Oommen Chandy death
കെ. ജയകുമാര്‍

By

Published : Jul 18, 2023, 1:13 PM IST

തിരുവന്തപുരം:വിട പറഞ്ഞ മുൻ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയെ അനുസ്‌മരിച്ച് മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍. കേരളം കണ്ട പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കെ. ജയകുമാര്‍ പറഞ്ഞു. തന്‍റെ ജീവിതത്തന്‍റെ നിര്‍ണായക ഘട്ടങ്ങളില്‍ ഔദ്യോഗികമായി അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനും രക്ഷാകര്‍തൃത്വം അനുഭവിക്കാനും സാധിച്ചുവെന്ന് പറഞ്ഞ കെ. ജയകുമാര്‍ മാനുഷികമായ പരിഗണനകളോടെ കാര്യങ്ങള്‍ ചെയ്‌ത ദയാലുവായ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും പറഞ്ഞു.

കെ. ജയകുമാറിന്‍റെ വാക്കുകൾ ഇങ്ങനെ:

കേരളം കണ്ട പ്രഗത്ഭനായ മുഖ്യമന്ത്രിയും മാനുഷികമായ പരിഗണനകളോടെ കാര്യങ്ങള്‍ ചെയ്‌ത ദയാലുവായ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മന്‍ചാണ്ടി. ഔദ്യോഗികമായി എന്‍റെ ജീവിതത്തന്‍റെ നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനും അദ്ദേഹത്തിന്‍റെ രക്ഷാകര്‍തൃത്വം അനുഭവിക്കാനും സാധിച്ചു. അദ്ദഹം മുഖ്യമന്ത്രിയായി രണ്ടാമതെത്തുമ്പോള്‍ ഞാന്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു.

അന്ന് ഡിജിപിയായിരുന്ന ജേക്കബ് തോമസുമൊത്ത് പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ പോയി. ഞങ്ങളെ എപ്പോഴാണ് മാറ്റുന്നത് എന്നു ചോദിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയുമാണല്ലോ ഞങ്ങള്‍ ഇരുവരും. 'നിങ്ങളെ മാറ്റുന്നതെന്തിനാണ്- അദ്ദേഹം ചിരിച്ചു കൊണ്ടു ചോദിച്ചു. ഒരു ഗവണ്‍മെന്‍റിന്‍റെ ഡിജിപിയെയോ ആഭ്യന്ത്ര സെക്രട്ടറിയെയോ ആയിരുന്നു എന്നു പറഞ്ഞ് നിങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരുമാണ്. നിങ്ങള്‍ നിങ്ങളുടെ തസ്‌തികകളില്‍ തുടരുക.

ജേക്കബ് പുന്നൂസ് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഡിജിപിയായി കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു, ഞാന്‍ തുടക്കത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പിന്നീട് ചീഫ് സെക്രട്ടറിയാകുകയും ചെയ്‌തു. അനേകം മന്ത്രിസഭാ യോഗങ്ങളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം അദ്ദേഹത്തിന് അപാരമായ ക്ഷമാ ശീലമാണ്.

മറ്റുള്ളവരുടെ സംസാരത്തില്‍ ഇടപെട്ട് നിശബ്‌ദനാക്കുകയോ ഒന്നും ചെയ്യില്ല. എന്നതു കൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായത്തിന്‍റെ താളത്തിനനുസരിച്ച് തുള്ളിക്കൊള്ളണം എന്നൊന്നുമല്ല. പരമാവധി മറ്റുള്ളവരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം.

അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം നടത്തിയ സുതാര്യ കേരളം എന്ന തത്സമയ ഫോണ്‍ പരിപാടിയുടെ അവതാരകന്‍ ഞാനായിരുന്നു. ജനങ്ങളുടെ പരാതികള്‍ കേട്ട് അപ്പപ്പോള്‍ പരാതി പരിഹരിക്കുന്ന പരിപാടിയായിരുന്നു അത്. ചില പരാതികള്‍ കേള്‍ക്കുമ്പോള്‍ തന്നെ അത് പരിഹരിക്കാനാകാത്ത പരാതിയെന്നറിഞ്ഞാലും ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് പരാതി അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടാകില്ല. അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൊടുത്താലോ എന്നു പറഞ്ഞ് പരാതി തീര്‍പ്പാക്കും.

ഉദാരതയാണ് ഈ മനുഷ്യന്‍റെ മുഖമുദ്ര. മനുഷ്യ ബന്ധങ്ങളിലുള്ള വിശ്വാസം, മനുഷ്യ ബന്ധങ്ങളെ എന്നും പരിപാലിച്ചിരുന്ന വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹം കേരളത്തിന്‍റെ രാഷ്‌ട്രീയ മണ്ഡലത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും. ഞാന്‍ അദ്ദേഹത്തിനു കീഴില്‍ ചീഫ് സെക്രട്ടറിയായി ജോലി ചെയ്‌തു എന്നു മാത്രമല്ല, 2012ല്‍ ഞാന്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒക്‌ടോബര്‍ 31 ന് വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറെ നമ്മളാണ് നിയമിക്കേണ്ടതെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തി.

വരട്ടെ, വരട്ടെ എന്നായിരുന്നു എപ്പോഴും മറുപടി. അവസാന ഘട്ടമെത്തിയപ്പോള്‍ എന്നോടു ചോദിച്ചു വിരമിച്ചതിനു ശേഷം എന്താണു പരിപാടിയെന്ന്. ഇനി പരിപാടിയൊന്നുമില്ല, അൽപം സാഹിത്യവും സിനിമയുമായി കഴിഞ്ഞു കൂടണം എന്നു ഞാന്‍ മറുപടി നല്‍കി. എന്നാല്‍ എന്നോടു പോലും ചോദിക്കാതെ കാബിനറ്റ് തീരുമാനമെടുത്ത് എന്നെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറാക്കുകയായിരുന്നു.

വിരമിക്കലിന്‍റെ അതേ ദിവസം തന്നെ ഞാനും അദ്ദേഹവും ട്രെയിനില്‍ ഒരേ കൂപ്പയിലാണ് തിരൂരിലേക്കു പോയത്. പിറ്റേ ദിവസം മലയാളം സര്‍വ്വകലാശാലയുടെ ഉദ്ഘാടനമാണ്. ഞങ്ങള്‍ തൃശൂരിറിങ്ങി കാറില്‍ തിരൂരിലേക്ക് പോകുകയായിരുന്നു. അദ്ദേഹം ആരോടും കയര്‍ത്തു സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

നമ്മുടെ പൊതു രംഗത്ത് മറഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്‍റെ മരുപ്പച്ചയാണ് ഉമ്മന്‍ചാണ്ടി. കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് പെട്ടെന്നു സാധിക്കുമായിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിന് വലിയ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതാണെങ്കില്‍ അദ്ദേഹം അക്കാര്യം അങ്ങ് മാറ്റിവയ്‌ക്കും. എത്ര നിര്‍ബന്ധിച്ചാലും ആ തീരുമാനം അദ്ദേഹം എടുക്കില്ല.

തീരുമനാം എടുക്കാനുള്ള മടികൊണ്ടല്ല, അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ളതു കൊണ്ടാണ്. നല്ല ഓര്‍മ്മ ശക്തിയുള്ള ആളുകൂടിയാണ്. ഒരു തീരുമാനം മാറ്റി വയ്‌ക്കാന്‍ പറഞ്ഞാല്‍ പിന്നീട് വീണ്ടും അതു പൊടി തട്ടികൊണ്ടു വന്നാല്‍ അത് അന്ന് മാറ്റി വയ്‌ക്കാന്‍ പറഞ്ഞതാണല്ലോ എന്ന് അദ്ദേഹം പറയും.

ചീഫ് സെക്രട്ടറി എന്ന നിലയില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഒരു അനൗപചാരിക ധാരണ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞ് കാബിനറ്റിലെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ കുറെ കടലാസുകളുണ്ടാകും. ജന സമ്പര്‍ക്ക പരിപാടിയില്‍ മാറ്റി വച്ച കടലാസുകളായിരിക്കും അവ.

ചില കാര്യങ്ങള്‍ക്ക് നയപരമായ തീരുമാനമില്ലെങ്കില്‍ അത് കാബിനറ്റില്‍ വിശദീകരിച്ച് നമ്മുക്ക് ഇത്തരത്തില്‍ ഒരു നയമില്ലെന്ന് മന്ത്രിസഭാംഗങ്ങളെ ബോധ്യപ്പെടുത്തി നയം അദ്ദേഹം രൂപീകരിക്കും. ഉദാഹരണത്തിന് വൈദ്യുതി ഉപകരണങ്ങളുടെ സഹായത്തോടെ ജീവിതം മുന്നോട്ടു നയിക്കുന്നവരുടെ വീടുകളില്‍ വൈദ്യുതി സൗജന്യമായി നല്‍കാനുള്ള തീരുമാനം തന്നെ. കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍റെ കാര്യത്തിലും അദ്ദേഹം വളരെ നിഷ്‌കര്‍ഷയോടെ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്.

ഭരണത്തിന്‍റെ കരങ്ങള്‍ കൊണ്ട് ആയിരങ്ങളെ സഹായിക്കണമെന്നും അതിനാണ് ഭരണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇത്രയും മനുഷ്യപ്പറ്റുള്ള ഒരു ജന നേതാവിനെ കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല'- ജയകുമാര്‍ അനുസ്‌മരിച്ചു.

ABOUT THE AUTHOR

...view details