ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍ മലയാളത്തിലെ ആദ്യ വെബ് സീരീസ് വരുന്നു. കേരള ക്രൈം ഫയല്‍സ് എന്ന് പേരിട്ടിരിക്കുന്ന സീരീസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഷോയ്‌ക്കിടെയായിരുന്നു ട്രെയിലര്‍ ലോഞ്ച്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അവതാരകനായെത്തിയ എപ്പിസോഡിലാണ് കേരള ക്രൈം ഫയല്‍സിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തത്.
മോഹന്‍ലാലിനൊപ്പം, കേരള ക്രൈം ഫയല്‍സില്‍ പൊലീസുകാരായി അഭിനയിക്കുന്ന ലാലും അജു വര്‍ഗീസും ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസണ്‍ 5ല്‍ നടത്തിയ ഒരു ടാസ്‌കിലെ വിജയികളെ നിര്‍ണയിക്കുന്നതിന്‍റെ ഭാഗമായാണ് ലാലും അജു വര്‍ഗീസും ഷോയിലെത്തിയത്.
കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ കാണിച്ചും ബിഗ് ബോസ് നല്‍കുന്ന ക്ലൂ അനുസരിച്ചും കൊലപാതകിയെ വരയ്‌ക്കാനായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. ബിഗ് ബോസിന്‍റെ നിര്‍ദേശ പ്രകാരം 12 മത്സരാര്‍ഥികളും കൊലയാളിയുടെ രേഖാചിത്രം വരച്ചു. ഷോയിലെ മത്സരാര്‍ഥിയായ ഷിജു വരച്ച ചിത്രത്തിനാണ് സീരീസിലെ കൊലയാളിയുമായി ഇവര്‍ സാമ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഷിജു വരച്ച ചിത്രം ഇവര്‍ തെരഞ്ഞെടുത്തു.
ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കുറ്റാന്വേഷണമാണ് കേരള ക്രൈം ഫയല്‍സിന്‍റെ കഥ. പൂര്‍ണമായും കേരളീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സീരീസ് ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയാണ് പറയുന്നത്. കേരളത്തിന്‍റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഹൃദ്യമായ കഥകളിലൂടെ സീരീസ്, പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് കേരള ക്രൈം ഫയൽസ് അവകാശപ്പെടുന്നത്. ഓരോ സീസണിലും വ്യത്യസ്‌ത കുറ്റകൃത്യ കഥകളായാകും സീരീസ് എത്തുക.
അജു വര്‍ഗീസും ലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വെബ് സീരീസിന്‍റെ സംവിധാനം അഹമ്മദ് കബീര്‍ ആണ്. ജൂണ്‍, മധുരം എന്നീ സിനിമകള്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. രാഹുല്‍ റിജി നായര്‍ ആണ് നിര്‍മാണം. ആഷിഖ് അയ്‌മര്‍ ആണ് വെബ് സീരീസിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
ജിതിന്‍ സ്‌റ്റാനിസ്ലസ് ഛായാഗ്രാഹണവും മഹേഷ് ഭുവനേന്ദര്‍ എഡിറ്റിംഗും നിര്‍വഹിക്കും. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയ'ത്തിന് വേണ്ടി സംഗീതമൊരുക്കിയ ഹേഷം അബ്‌ദുല്‍ വഹാബ് ആണ് കേരള ക്രൈം ഫയല്‍സിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രതാപ് രവീന്ദ്രന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ജൂണ്‍ 23നാണ് കേരള ക്രൈം ഫയല്‍സ് റിലീസിനെത്തുന്നത്.
മലയാളത്തിലെ ആദ്യത്തെ വെബ് സീരീസിനെ കുറിച്ച് സംവിധായകനും നിര്‍മാതാവും മനസ് തുറന്നു. വെബ് സീരീസുകള്‍ക്ക് ലഭിക്കുന്ന നീണ്ട സമയം കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നാണ് സംവിധായകന്‍ അഹമ്മദ് കബീര്‍ പറയുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്‌തമായ മാനസിക തലങ്ങള്‍ നിശ്ചിത സമയത്തില്‍ ചുരുക്കാതെ കൂടുതല്‍ വിശദമായി അവതരിപ്പിച്ച് ആഴത്തില്‍ കഥ പറയാന്‍ വെബ് സീരീസ് സഹായിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
Also Read:'ഗ്യാരഹ് ഗ്യാരഹ്': പുതിയ വെബ് സീരീസ് പ്രഖ്യാപിച്ച് കരൺ ജോഹറും ഗുനീത് മോംഗയും
മലയാളത്തിലെ ആദ്യത്തെ ഒറിജിനല്‍ വെബ് സീരീസ് പ്രൊഡക്ഷന്‍ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാതെയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് നിര്‍മാതാവ് രാഹുല്‍ റിജി നായര്‍ പറയുന്നത്. കഥ നടക്കുന്നത് കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ആണെങ്കിലും സീരീസിന്‍റെ മേക്കിങ് സ്‌റ്റോറി ടെല്ലിങ്ങും ഇന്ത്യയിലെ പ്രശസ്‌തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയില്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.