പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് കെ മുരളീധരന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജന്മനാടായ തമിഴ്‌നാട്ടിലെ കുംഭകോണത്ത് വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കമല്‍ ഹാസന്‍ ഉള്‍പ്പെടെയുളള നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
'നിരവധി ഹിറ്റുകൾ നിർമിച്ച ലക്ഷ്‌മി മൂവി മേക്കേഴ്‌സ് നിര്‍മാതാവ് കെ മുരളീധരന്‍ ഇനിയില്ല. പ്രിയപ്പെട്ട ശിവ, ആ ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. ആദരാഞ്ജലികള്‍', ഇപ്രകാരമാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‌തത്. നടനും സംവിധായകനുമായ മനോബാലയും മുരളീധരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'എല്‍എംഎം മുരളി ഇനിയില്ല എന്നത് വളരെ ഞെട്ടിക്കുന്ന വാര്‍ത്ത. നിത്യശാന്തി നേരുന്നു', മനോബാല കുറിച്ചു.
തമിഴ് സിനിമ മേഖലയിലെ പ്രമുഖ നിര്‍മാതാവാണ് കെ മുരളീധരന്‍. 1994ൽ ശരത്കുമാർ നായകനായെത്തിയ 'അരണ്‍മനൈ കാവലന്‍' എന്ന സിനിമയിലൂടെയാണ് കെ മുരളീധരന്‍ നിര്‍മാതാവാകുന്നത്. അന്തരിച്ച വി സ്വാമിനാഥൻ, ജി വേണുഗോപാൽ എന്നിവരുമായി ചേർന്ന് ലക്ഷ്‌മി മൂവി മേക്കേഴ്‌സ് എന്ന പ്രൊഡക്ഷൻ ഹൗസും അദ്ദേഹം ആരംഭിച്ചിരുന്നു.