കൊച്ചി: പ്രശസ്‌ത സിനിമ, സീരിയൽ അഭിനേതാവായ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഏകദേശം 180 സിനിമകളിലും വിവിധ ഭാഷകളിലായി 400ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു കൈലാസ് നാഥ്. അഭിനയ രംഗത്ത് സജീവമായി തുടരുന്നതിനിടെയാണ് കരൾ രോഗം ബാധിക്കുന്നത്.
നേരത്തെ ചികിത്സയ്‌ക്ക് പണം ആവശ്യമായി വന്നതോടെ സുമനസുകളുടെ ധനസഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ, രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും മുൻപ് തന്നെ അദ്ദേഹം രംഗമൊഴിഞ്ഞു. മാന്നാർ ആണ് ജന്മദേശം. മദ്രാസ് ക്രിസ്ത്യൻ കോളജിൽ അഭിനയ വിഭാഗത്തിൽ ലക്‌ചറർ ആയി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 'വിടരുന്ന മൊട്ടുകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് അദ്ദേഹത്തിന്‍റെ സിനിമ പ്രവേശം. 'ഇത് നല്ല തമാശ' എന്ന പേരിൽ 1985ൽ ഒരു ചലച്ചിത്രവും സംവിധാനം ചെയ്‌തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ അസോസിയേറ്റ് ആയും ദീർഘകാലം പ്രവർത്തിച്ചു.
സിനിമതാരം എന്നതിലുപരി സീരിയലിലൂടെയാണ് കൈലാസ് നാഥ് കൂടുതൽ പ്രേക്ഷക ശ്രദ്ധയാർജിക്കുന്നത്. മിന്നുകെട്ട്, എന്‍റെ മാനസപുത്രി, പ്രണയം, മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിൽ അദ്ദേഹം വേഷമിട്ടു. 1977ൽ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ചിരഞ്ജീവി, ശങ്കർ, ശ്രീനാഥ്, നാസർ എന്നിവർക്കൊപ്പമാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയത്.