മുംബൈ : ബോളിവുഡ് താരം ഫര്ഹാന് അക്തര്‍, ദീപിക പദുകോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്' പുറത്തിറങ്ങിയിട്ട് 13 വര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ തന്റെ സിനിമയുടെ ഓര്‍മകള്‍ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഫര്ഹാന് അക്തര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
'ഒരാളുടെ ഭാഗ്യം,മറ്റൊരാൾക്ക് കൂടുതൽ ഭാഗ്യം. 13 വർഷം' - എന്ന അടിക്കുറിപ്പോടുകൂടിയാണ് ഫര്ഹാന് അക്തര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. ഒപ്പം ദീപിക പദുകോണിനൊപ്പമുള്ള ഫര്‍ഹാന്റെ പോസ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ഓര്മ പുതുക്കി ഫര്ഹാന് അക്തര്‍ ഫര്ഹാന് അക്തര്‍, ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ റാം കപൂര്‍, ഷെഫാലി ഷാ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. കഥാസന്ദര്ഭത്തിനൊത്തുള്ള മികച്ച ട്രാക്കുകളിലൂടെയും 'കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ 'ഹേ യാ!', 'ഉഫ് തേരി അദാ' എന്നീ ഗാനങ്ങളായിരുന്നു അവയില്‍ ചിലത്.
സ്പോര്‍ട്സ് ഡ്രാമ ചിത്രം 'തൂഫാന്' ആയിരുന്നു ഫര്ഹാന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. മൃണാള്‍ ഠാക്കൂര്‍ നായികയായെത്തിയ ചിത്രത്തില്‍ പരേഷ് റാവലും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.
പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കെയ്ഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ജീ ലെ സാറ' ആണ് ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. സിനിമയുടെ ഔദ്യോഗിക റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം.
Also Read:പ്രപഞ്ചത്തിന് നന്ദി പറഞ്ഞ് ഫര്ഹാന്; കാത്തിരിക്കാനാവാതെ ഷിബാനി
അതേസമയം ദീപികയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'പഠാന്'. തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിനൊപ്പമുള്ള പാന്‍ ഇന്ത്യ ചിത്രം 'പ്രൊജക്ട് കെ' ആണ് ദീപികയുടെ അടുത്ത സിനിമ. നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൃത്വിക് റോഷന് നായകനായി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഏരിയല്‍ ആക്ഷന്‍ ത്രില്ലര്‍ 'ഫൈറ്ററാണ്' ദീപികയുടെ മറ്റൊരു പുതിയ ചിത്രം.