ഡോൺ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായം പ്രഖ്യാപിച്ച് ഫർഹാൻ അക്തർ (Farhan Akhtar). ബോളിവുഡില്‍ ഒരു പ്രത്യേക ഫാൻ ബേസാണ് 'ഡോൺ' സിനിമകൾക്കുള്ളത്. ഇപ്പോഴിതാ മൂന്നാം അങ്കത്തിന് 'ഡോൺ' വീണ്ടും എത്തുന്നതിന്‍റെ ഏവേശത്തിലാണ് ആരാധകർ.
അതേസമയം മുൻ ചിത്രങ്ങളില്‍ 'ഡോൺ' ആയി തിളങ്ങിയ ഷാരൂഖ് ഖാൻ പുതിയ അധ്യായത്തില്‍ ഉണ്ടാകില്ല. ഫർഹാൻ അക്തർ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പുതിയ ചിത്രത്തില്‍ ആരാകും നായകനായി എത്തുക എന്ന വിവരം ഫർഹാൻ അക്തർ പങ്കുവച്ചിട്ടില്ല.
ഇതിനിടെ ബോളിവുഡ് യുവ താരനിരയിൽ ശ്രദ്ധേയനായ രൺവീർ സിങ് ആകും ഡോണിന്‍റെ വേഷത്തില്‍ എത്തുക എന്നാണ് ആരാധകരുടെ നിഗമനം. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചൂടൻ ചർച്ചകൾ പൊടിപൊടിക്കുകയാണ്.
വീഡിയോ പങ്കുവച്ചാണ് ഡോൺ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായം ഫർഹാൻ അക്തർ പ്രഖ്യാപിച്ചത്. കൂടാതെ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെ ഏറ്റവും മികച്ച ആക്ഷൻ സീരിസ് ആണ് 'ഡോൺ'.
2006ൽ ആണ് ഫർഹാൻ അക്തറിന്‍റെ സംവിധാനത്തില്‍ ഈ സീരീസിലെ ആദ്യ ചിത്രം ‘ഡോൺ’ പുറത്തിറങ്ങുന്നത്. 1978 ൽ അമിതാഭ് ബച്ചൻ നായകനായെത്തിയ ‘ഡോൺ’ എന്ന സിനിമയെ ആസ്‌പദമാക്കി ഉള്ളതായിരുന്നു കിങ് ഖാൻ ടൈറ്റിൽ വേഷത്തിലത്തിയ ഈ ചിത്രം. ജാവേദ് അക്തറും സലിം ഖാനും ചേർന്നൊരുക്കിയ അമിതാഭ് ബച്ചൻ ചിത്രത്തിന്‍റെ അവകാശം അക്തറിന്‍റെയും റിതേഷ് സിദ്ധ്വാനിയുടെയും ബാനറായ എക്‌സൽ എന്‍റർടെയ്‌ൻമെന്‍റ് വാങ്ങിയതിന് ശേഷമാണ് പുതിയ ഫ്രാഞ്ചൈസിക്ക് ഫർഹാൻ തുടക്കമിട്ടത്.
ബോക്‌സോഫിസിൽ റെക്കോഡുകൾ സൃഷ്‌ടിച്ചായിരുന്നു ഷാരൂഖിന്‍റെ 'ഡോൺ' തുടങ്ങിയത്. 2011 ൽ 'ഡോൺ 2' എന്ന പേരിൽ, പിന്നാലെ ഇതിന്‍റെ തുടർ ഭാഗവും എത്തി. ഇപ്പോൾ പുറത്തുവന്ന കുറിപ്പില്‍ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും നൽകിയ സ്‌നേഹം പുതിയ ഡോണിനും നൽകണമെന്ന് ഫർഹാൻ പറയുന്നുണ്ട്.
അതേസമയം നേരത്തെ ഡോണിനെ കുറിച്ചുള്ള റിതേഷ് സിദ്ധ്വാനിയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഒരു അഭിമുഖത്തിനിടെ ഡോൺ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോൾ 'സ്‌ക്രിപ്റ്റിങ്' ഘട്ടത്തിലാണ് എന്നായിരുന്നു സിദ്ധ്വാനിയുടെ മറുപടി. 'എന്‍റെ പങ്കാളി (അക്തർ) ഇത് എഴുതി പൂർത്തിയാക്കുന്നത് വരെ ഞങ്ങൾ ഒന്നും ചെയ്യില്ല. നിലവിൽ അദ്ദേഹം തിരക്കഥ പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്. ഞങ്ങളും ഡോണിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്'- സിദ്ധ്വാനി പറഞ്ഞു.
ഷാരൂഖ് ഖാന്‍റെ ഒറ്റയാൾ പ്രകടനത്തിന്‍റെ ബലത്തിലായിരുന്നു സിനിമ വിജയകിരീടം ചൂടിയത്. എന്നാലിപ്പോൾ ഷാരൂഖിന്‍റെ അഭാവത്തിൽ 'ഡോൺ' തിരിച്ചു വരവ് നടത്തുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.
ജവാൻ റിലീസിന്‍റെ തിരക്കുകളിലാണ് നിലവിൽ ഷാരൂഖ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ മാസം 10ന് തിയേറ്ററുകളില്‍ എത്തും. നയൻതാര നായികയാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ജവാനോട് കൊമ്പുകോർക്കാൻ എത്തുന്നു. അതേസമയം കരൺ ജോഹർ അണിയിച്ചൊരുക്കിയ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'യാണ് രൺവീർ സിങ് നായകനായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം. ഏഴു വർഷത്തെ ഇടവേള അവസാനിപ്പിച്ച് കരൺ ജോഹർ വീണ്ടും സംവിധായകന്‍റെ തൊപ്പി അണിഞ്ഞ ഈ ചിത്രത്തില്‍ ആലിയ ഭട്ടാണ് നായികയായി എത്തിയത്.
READ MORE:Rocky Aur Rani Ki Prem Kahani| ബോളിവുഡിനെ കരകയറ്റുമോ റോക്കിയും റാണിയും; കരൺ ജോഹർ ചിത്രത്തിന്‍റെ കലക്ഷൻ ഇങ്ങനെ