കന്നഡയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന 'ബഗീര' എന്ന സിനിമയിലൂടെയാണ് ഫഹദ് ഫാസില്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ഒരു സിബിഐ ഉദ്യോഗസ്ഥനായാണ് 'ബഗീര'യില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തിലെ നായകന്‍ ശ്രീമുരളിയും ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ആക്ഷന്‍ ചിത്രമാണ് 'ബഗീര'. സിനിമയുടെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന. ബെംഗളൂരുവും മംഗളൂരുവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. 'ബഗീര'യുടെ ഫസ്‌റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.