ഫഹദ് ഫാസിൽ ആരാധകർ ഏറെ നാളായി കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നു. താരം നായകനായി എത്തിയ സിനിമയായ 'ധൂമം' ഒടിടിയിൽ എത്തി. 'ധൂമ'ത്തിന്‍റെ തിയേറ്റർ റിലീസിന് പിന്നാലെ ചിത്രം ഒടിടിയിൽ എപ്പോൾ വരുമെന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.
ജൂലൈ 23നാണ് ഫഹദിന്‍റെ 'ധൂമം' തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയത്. റിലീസായി മാസങ്ങൾ പിന്നിട്ടാണ് ചിത്രം ഇപ്പോൾ ഒടിടിയിൽ സ്‌ട്രീമിംഗ് ആരംഭിച്ചത്. ഐട്യൂണ്‍സിലാണ് 'ധൂമം' പ്രദര്‍ശനത്തിനായി എത്തിയിരിക്കുന്നത് (Dhoomam Available on iTunes). ഫഹദ് വേറിട്ട വേഷത്തിലെത്തിയ 'ധൂമം' പവൻ കുമാറാണ് സംവിധാനം ചെയ്‌തത്.
സംവിധായകൻ പവൻ കുമാർ തന്നെയാണ് ഒടിടി റിലീസ് സംബന്ധിച്ച വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. മലയാളത്തില്‍ ഫഹദിന്‍റേതായി ഒടുവിലെത്തിയ ചിത്രവും 'ധൂമ'മാണ്. 'അവിനാശ്' എന്ന കഥാപാത്രമാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. 'യു-ടേണ്‍, ലൂസിയ' എന്നീ കന്നഡ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ പവൻ കുമാറാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്.
ഫഹദ് ഫാസിലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ 'ധൂമം' വിജയ് കിരഗണ്ടൂരിന്‍റെ ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചത്. 'കെജിഎഫ്, കാന്താര' എന്നീ വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസ് ആദ്യമായി നിര്‍മിച്ച മലയാള ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയമാണ് 'ധൂമം' പുറത്തിറങ്ങിയത്.