മലയാള സിനിമ ലോകത്തെ മിന്നും താരം ഫഹദ് ഫാസില്‍ (Fahadh Faasil) നായകനായെത്തുന്ന ചിത്രം 'ധൂമ'ത്തിന്‍റെ (Dhoomam) ടൈറ്റില്‍ ട്രാക്ക് ലിറിക്കല്‍ വീഡിയോ (Title Song Lyric Video) പുറത്ത്. പൂർണ്ണചന്ദ്ര തേജസ്വിയുടെ മാസ്‌മരിക സംഗീതം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
കേൾവിക്കാരെ വരുതിയിലാക്കാൻ കെല്‍പുള്ളതാണ് പൂർണ്ണചന്ദ്ര തേജസ്വിയുടെ സംഗീതവും ആലാപനവും. ചിത്രത്തോടുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ട്രാക്ക് പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലെ കഥാപാത്രങ്ങൾ വന്ന് പോകുന്ന വീഡിയോ കാണികളില്‍ കൗതുകം നിറക്കുന്നു.
പ്രശസ്‌ത കന്നഡ സിനിമ സംവിധായകൻ പവൻ കുമാർ (Pawan Kumar) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ധൂമം'. 'യൂ-ടേൺ, ലൂസിയ' എന്നി കന്നഡ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം. വെള്ളിയാഴ്‌ച (ജൂൺ 23) മുതല്‍ 'ധൂമം' പ്രദർശനമാരംഭിക്കും. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയമാണ് ചിത്രത്തിന്‍റെ റിലീസ്.
ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളിയും (Aparna Balamurali) 'ധൂമ'ത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ദിലീഷ് പോത്തന്‍റെ 'മഹേഷിന്‍റെ പ്രതികാരം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒരിക്കല്‍ കൂടി കൈകോർക്കുകയാണ് 'ധൂമ'ത്തിലൂടെ. ഇവർക്ക് പുറമെ റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബോക്‌സ് ഓഫിസില്‍ തരംഗം സൃഷ്‌ടിച്ച 'കെ.ജി.എഫ്, കാന്താര' എന്നീ ചിത്രങ്ങൾ നിർമിച്ച വിജയ് കിരഗണ്ടൂരിന്‍റെ (VijayKiragandur) ഹോംബാലെ ഫിലിംസ് (Hombale Films) ആണ് 'ധൂമം' നിർമിക്കുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഇതോടെ 'ധൂമ'ത്തിന് കൈവന്നിരിക്കുകയാണ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
പ്രീത ജയരാമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് നിർവഹിക്കുന്നത് സുരേഷ് അറുമുഖൻ ആണ്. കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും ആർട്ട് അനീസ് നാടോടിയും കൈകാര്യം ചെയ്യുന്നു.
കോസ്റ്റ്യൂം - പൂർണിമ രാമസ്വാമി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ - കബീർ മാനവ്, ആക്ഷൻ ഡയറക്‌ടർ - ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് - ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ - ജോസ്മോൻ ജോർജ്, ഡിസ്‌ട്രിബ്യുഷൻ മാനേജർ - ബബിൻ ബാബു, ഡിജിറ്റൽ മാർക്കറ്റിങ് & സ്ട്രാറ്റജി - ഒബ്‌സ്‌ക്യൂറ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം 'പാച്ചുവും അത്ഭുത വിളക്കും' ആണ് ഫഹദ് നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. അഖില്‍ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ജൂഡ് ആന്‍റണി ജോർജ് സംവിധാനം ചെയ്‌ത '2018' ആണ് അപർണ ഏറ്റവുമൊടുവില്‍ അഭിനയിച്ച്, തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയ ചിത്രം.