ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാച്ചുവും അത്ഭുത വിളക്കും'. ചിത്രത്തിന്‍റെ ട്രെയിലര്‍ യൂടൂബില്‍ പുറത്തിറങ്ങി. ഒരു കോമഡി ഫീല്‍ ഗുഡ് വിഭാഗത്തിലൊരുങ്ങുന്ന ചിത്രമായിരിക്കും 'പാച്ചുവും അത്ഭുത വിളക്കും 'എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
അന്തരിച്ച മലയാളികളുടെ പ്രിയ താരം ഇന്നസെന്‍റിന്‍റെ സാന്നിധ്യവും സിനിമയിലുണ്ട്. ട്രെയിലറില്‍ നടന്‍റെ രസകരമായ അഭിനയ മുഹൂര്‍ത്തങ്ങളുമുണ്ട്. ചിത്രത്തില്‍ ഇന്നസെന്‍റ് സുപ്രധാന വേഷത്തിലാണ് എത്തുന്നത്.
പ്രഖ്യാപനം മുതല്‍ സിനിമ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും നേരത്തെ പുറത്തിറങ്ങിയിരുന്നു. പെട്ടിയും ബാഗുകളുമായി പുതിയൊരു നഗരത്തിലേക്ക് എത്തിച്ചേരുന്ന ഫഹദ് ഫാസിലിന്‍റെ കഥാപാത്രമായിരുന്നു ഫസ്‌റ്റ് ലുക്കില്‍.
മുംബൈയില്‍ നിന്നുള്ള യുവാവായാണ് സിനിമയില്‍ ഫഹദ് വേഷമിടുന്നത്. ഫഹദിന്‍റെ കഥാപാത്രത്തിലൂടെ പരസ്‌പരം കണ്ടുമുട്ടുന്ന രണ്ട് സ്‌ത്രീകളെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ. സിദ്ദിഖ്, വിനീത്, വിജയരാഘവന്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും.
സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുക. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മാണം. ശരണ്‍ വേലായുധന്‍ ആണ് ഛായാഗ്രഹണം. ജസ്‌റ്റിന്‍ പ്രഭാകരന്‍ സംഗീതം ഒരുക്കുന്നു.
Also Read:ഫീല്‍ഗുഡുമായി ഫഹദ് വീണ്ടും?, പാച്ചുവും അത്‌ഭുതവിളക്കും ടീസര്‍
സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് അഖില്‍ സഹകരിച്ചിട്ടുണ്ട്. 'ഞാന്‍ പ്രകാശന്‍', 'ജോമോന്‍റെ സുവിശേഷങ്ങള്‍' എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു അഖില്‍. 'ദാറ്റ്‌സ് മൈ ബോയ്' എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖില്‍ സംവിധാനം ചെയ്‌തിട്ടുണ്ട്.
2023ലെ ഫഹദ് ഫാസിലിന്‍റെ ആദ്യ റിലീസ് ചിത്രം കൂടിയാണ് 'പാച്ചുവും അത്ഭുത വിളക്കും'. കൊവിഡ് മഹാമാരിക്ക് മുമ്പ് പ്രഖ്യാപനം നടത്തിയ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ഏപ്രില്‍ 28നാണ് 'പാച്ചുവും അത്ഭുത വിളക്കും' തിയേറ്ററുകളില്‍ എത്തുന്നത്.
പുഷ്‌പ 2, ജിത്തു മാധവന്‍ ചിത്രം, ധൂമം, മാമനന്‍, തുടങ്ങിയവയാണ് ഫഹദിന്‍റേതായി റിലീസിനൊരുങ്ങുന്ന പ്രോജക്‌ടുകള്‍. അതേസമയം പുഷ്‌പ 2ന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണിപ്പോള്‍ താരം. ബന്‍വര്‍ സിങ് ശെഖാവത്ത് ആയി തന്നെയാണ് രണ്ടാം ഭാഗത്തിലും ഫഹദ് എത്തുന്നത്.
അതേസമയം 'കെജിഎഫ്' നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം 'ധൂമ'ത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്. 'കെജിഎഫ്' നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആദ്യമായി മലയാളത്തിലേയ്‌ക്ക് എത്തുന്ന ചിത്രം കൂടിയാണിത്. മാമനന്‍' ആണ് ഫഹദിന്‍റെ മറ്റൊരു പുതിയ ചിത്രം. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ഉദയാനിധി സ്‌റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്.
അതേസമയം 'മലയൻകുഞ്ഞ്' ആണ് ഫഹദിന്‍റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം. രജിഷ വിജയൻ നായികയായി എത്തിയ ചിത്രത്തില്‍ ഇന്ദ്രൻസ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും വേഷമിട്ടിരുന്നു. സജിമോൻ പ്രഭാകര്‍ സംവിധാനം ചെയ്‌ത സിനിമയുടെ ഛായാഗ്രഹണം മഹേഷ് നാരായണനായിരുന്നു. സിനിമയുടെ തിരക്കഥയും മഹേഷ് നാരായണനായിരുന്നു ഒരുക്കിയിരുന്നത്.
Also Read:അയാളിലൂടെ കണ്ടുമുട്ടുന്ന രണ്ട് സ്‌ത്രീകള്‍ ; പാച്ചുവും അത്ഭുതവിളക്കും ഫസ്‌റ്റ്‌ലുക്ക്