ഫഹദ് ഫാസിലിന്‍റെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം പാച്ചുവും അത്‌ഭുതവിളക്കും ടീസര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. 1.16 മിനിറ്റ് ദൈര്‍ഘ്യമുളള ടീസറിന് ഇതിനോടകം നാല് ലക്ഷത്തിലധികം വ്യൂസാണ് യൂടൂബില്‍ ലഭിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ഫീല്‍ഗുഡ് എന്‍റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന.
സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍റെ ആദ്യ സംവിധാനസംരംഭമാണ് പാച്ചുവും അത്‌ഭുതവിളക്കും. ഫഹദ് ഫാസിലിന് പുറമെ ഇന്നസെന്‍റ്, മുകേഷ്, ഇന്ദ്രന്‍സ്, നന്ദു, അല്‍ത്താഫ് സലീം ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മാണം.
സംവിധാനത്തിന് പുറമെ പാച്ചുവും അത്‌ഭുതവിളക്കും സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ സത്യന്‍ തന്നെയാണ്. രാജ് ശേഖര്‍, മനു മഞ്‌ജിത്ത് എന്നിവരുടെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകറാണ് സംഗീത സംവിധാനം. ഛായാഗ്രഹണം-ശരണ്‍ വേലായുധന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-രാജീവന്‍, വസ്‌ത്രാലങ്കാരം-ഉത്തര മേനോന്‍.
അരങ്ങേറ്റ ചിത്രത്തിന് മുന്‍പ് തന്നെ സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ സഹസംവിധായകനായി അഖില്‍ സത്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ ഉള്‍പ്പെടെയുളള ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്‌ടര്‍ ആയിരുന്നു. കൂടാതെ ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യൂമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖില്‍ സത്യന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്.
അഖില്‍ സത്യന് മുന്‍പ് സഹോദരന്‍ അനൂപ് സത്യന്‍ മലയാളത്തില്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. സുരേഷ്, ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച വരന്‍റെ ആവശ്യമുണ്ട് ആണ് അനൂപ് സത്യന്‍ സംവിധാനം ചെയ്‌തത്.
ഫഹദ് ഫാസിലിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ചിത്രം കൂടിയാണ് പാച്ചുവും അത്‌ഭുത വിളക്കും. കൊവിഡിന് കാലത്തിന് മുന്‍പ് തന്നെ അനൗണ്‍സ് ചെയ്‌ത സിനിമയാണ് ഇത്. പാച്ചുവും അത്‌ഭുതവിളക്കും ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയായത്. എപ്രില്‍ 28നാണ് ഫഹദിന്‍റെ പുതിയ സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.
പാച്ചുവും അത്‌ഭുതവിളക്കിനും പുറമെ പുഷ്‌പ 2, ധൂമം, മാമനന്‍, ജിത്തു മാധവന്‍ ചിത്രം ഉള്‍പ്പെടെയുളളവയും ഫഹദിന്‍റെതായി വരാനിരിക്കുന്ന സിനിമകളാണ്. നിലവില്‍ ഫഹദ് അഭിനയിക്കുന്ന പുഷ്‌പ 2വിന്‍റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രത്തില്‍ ബന്‍വര്‍ സിങ് ശെഖാവത്ത് ആയുളള നടന്‍റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുഷ്‌പയുടെ ആദ്യ ഭാഗത്തിലൂടെ ഫഹദിന്‍റെ പാന്‍ ഇന്ത്യന്‍ ലെവല്‍ റീച്ച് കൂടിയിരുന്നു.
അതേസമയം ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രമാണ് ധൂമം. അപര്‍ണ ബാലമുരളി നായികയാവുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് മാമനന്‍. ചിത്രത്തില്‍ ഫഹദിനൊപ്പം ഉദയാനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നീ താരങ്ങളും പ്രധാന റോളുകളില്‍ എത്തുന്നു.