തിരുവനന്തപുരം :രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ അക്കാദമി ചെയര്‍മാനും അംഗങ്ങളും തമ്മില്‍ ചേരിപ്പോര് രൂക്ഷം. ഏകാധിപത്യം കളിക്കുന്ന ചെയര്‍മാന്‍ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി അക്കാദമിയിലെ ഒമ്പത് പേര്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന നിലപാടുമായി രഞ്ജിത്തും.
ചെയര്‍മാന്‍ രഞ്ജിത്ത് ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ പ്രധാന വേദിയായ ടാഗോറിലാണ് ഇന്ന് ഉച്ചയ്ക്ക് 16 അംഗങ്ങളില്‍ 9 പേര്‍ ഒരു മണിക്കൂറോളം യോഗം ചേര്‍ന്നത്. മനോജ് കാന, എന്‍ അരുണ്‍, കുക്കു പരമേശ്വരന്‍, ജോബി, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്. ബാക്കിയുള്ളവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചെയര്‍മാനെ മാറ്റണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കി(Ranjith should be removed).
രഞ്ജിത്തിന്‍റെ നിലപാടുകളെക്കുറിച്ച് ഏറെനാളായി അംഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അക്കാദമി അംഗം കൂടിയായ സംവിധായകന്‍ ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയര്‍മാന്‍റെ പല അഭിപ്രായങ്ങളും ചര്‍ച്ചയും വിവാദവും ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഡോ. ബിജു അക്കാദമി അംഗത്വം രാജിവച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേള നാളെ അവസാനിക്കാനിരിക്കെയാണ് ഭിന്നത പരസ്യമാക്കി അംഗങ്ങളുടെ മീറ്റിങ്.
Also Read :'അന്ന് പനിയായിരിക്കുമെന്ന് പ്രമുഖ നടൻ', ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിലെ രഞ്ജിത്തിന്‍റെ പ്രസംഗം ചർച്ചയാകുന്നു
വകുപ്പും സര്‍ക്കാരും പറഞ്ഞാല്‍ പടിയിറങ്ങുമെന്നും എല്ലാവരും തുടരേണ്ടതില്ല എന്ന് പറഞ്ഞാല്‍ അപ്പോള്‍ തീരുമാനിക്കാമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പ്രതികരിച്ചു. അക്കാദമിക്ക് ഒരു സെക്രട്ടറിയും വൈസ് ചെയര്‍മാനും കൂടി ഉണ്ടെന്നും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നോക്കാന്‍ സാംസ്‌കാരിക വകുപ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.