കോഴിക്കോട്: സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ പുതിയ സിനിമയ്‌ക്കെതിരെ കേസ്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ ഒമര്‍ ലുലുവിന്‍റെ സിനിമയുടെ ടീസറിനെതിരെ കേസെടുത്ത് എക്സൈസ് വകുപ്പ്. ഒമർ ലുലുവിൻ്റെ പുതിയ ചിത്രം 'നല്ല സമയ'ത്തിൻ്റെ ടീസറിനെതിരെയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ടീസറെന്ന് കാണിച്ച് സിനിമയുടെ സംവിധായകനും നിർമാതാവിനും എക്സൈസ് നോട്ടിസ് അയച്ചു. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്‌ടര്‍ ആണ് കേസെടുത്തത്. കേരള അബ്‌കാരി ആക്‌ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ്.
സിനിമയുടെ ടീസറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചിത്രം ഇന്ന് (ഡിസംബര്‍ 30) തിയേറ്ററുകളിലെത്തിയ സാഹചര്യത്തിലാണ് സിനിമയ്‌ക്കെതിരെ കേസെടുത്തത്. 'നല്ല സമയ'ത്തിൻ്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്‌തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമുണ്ട്. ഇതിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ടീസറിലുണ്ടായിരുന്നു. ഇതാണ് സിനിമയ്‌ക്കും സംവിധായകനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്ക് നയിച്ചത്.
ഇര്‍ഷാദ് നായകനായി എത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ശാലു റഹീം, ജയരാജ് വാരിയര്‍, ശിവജി ഗുരുവായൂര്‍, ഗായത്രി ശങ്കര്‍, നീന മധു, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.
നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ഒമര്‍ ലുലുവും ചിത്രയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് ഛായാഗ്രഹണവും രാധാകൃഷ്‌ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
Also Read:'ലാഗ് അടിച്ച് ചത്ത സിനിമയെക്കാള്‍ എത്രയോ നല്ലതാണ് ലാലേട്ടന്‍ ചിത്രം'; പുകഴ്‌ത്തലുമായി ഒമര്‍ ലുലു