ലോസ് ആഞ്ചല്‍സ് : ടെലിവിഷന്‍ അക്കാദമിയുടെ 75-ാമത് എമ്മി പുരസ്‌കാരങ്ങളില്‍ നേട്ടം കൊയ്‌ത് ആന്തോളജി സീരീസ് ബീഫും (Beef Series) കോമഡി സീരീസ് ദി ബെയറും (The Bear). ഗോള്‍ഡന്‍ ഗ്ലോബ്‌സിലും രണ്ട് പരമ്പരകളും നേട്ടം സ്വന്തമാക്കിയിരുന്നു. നെറ്റ്‌ഫ്ലിക്‌സിലൂടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ബീഫ്' ലിമിറ്റഡ് സീരീസ് വിഭാഗത്തിലാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. കോമഡി സീരീസ് വിഭാഗത്തിലാണ് ദി ബെയര്‍ നേട്ടം കൊയ്‌തത്.
മികച്ച സീരീസ്, രചന, സംവിധാനം, നടന്‍, നടി എന്നീ പുരസ്‌കാരങ്ങളാണ് 'ബീഫ്' ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ സ്വന്തമാക്കിയത്. ലീ സുങ് ജിൻ (Lee Sung Jin) രചിച്ച് ജേക്ക് ഷ്രെയർ (Jake Schreier) സംവിധാനം ചെയ്‌ത ബീഫ് 2023ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. 10 എപ്പിസോഡുകളായിരുന്നു സീരീസിന്‍റെ ആദ്യ സീസണില്‍ ഉണ്ടായിരുന്നത്.
സീരീസിലെ പ്രകടനത്തിന് സ്റ്റീവന്‍ യൂന്‍ (Steven Yeun) മികച്ച നടനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി (Emmy Awards 2023). 2010ല്‍ പുറത്തിറങ്ങിയ വോക്കിങ് ഡെഡ് (The Walking Dead) എന്ന സോംബി അപ്പോക്കലിപ്‌സ് സീരീസിലൂടെ മലയാളി സീരീസ് പ്രേമികള്‍ക്കിടയിലും ശ്രദ്ധേയനായ താരമാണ് സ്റ്റീവന്‍ യൂന്‍. ഇത് ആദ്യമായാണ് താരം എമ്മി പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. അലി വേങ് (Ali Wong) ആണ് മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം ഇതേ വിഭാഗത്തില്‍ സ്വന്തമാക്കിയത്.
ഹാസ്യ സീരീസ് വിഭാഗത്തില്‍ മികച്ച നടനായി ദി ബെയറിലെ ജെര്‍മി അലന്‍ വൈറ്റാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദി ബെയറിന്‍റെ ക്രിസ്റ്റഫര്‍ സ്റ്റോറര്‍ ആണ് ഈ വിഭാഗത്തിലെ മികച്ച സംവിധായകന്‍. രചയിതാവിനുള്ള പുരസ്‌കാരവും അദ്ദേഹം തന്നെയാണ് നേടിയത്. അയോ ഡിബിരി മികച്ച സഹനടിയ്‌ക്കുള്ള പുരസ്‌കാരവും ദി ബെയറിനായി സ്വന്തമാക്കി.
ഡ്രാമ വിഭാഗത്തില്‍ എച്ച് ബി ഒയുടെ സക്‌സഷനും നേട്ടമുണ്ടാക്കി. 2018 മുതല്‍ 2023 വരെ നാല് സീസണുകളിലായാണ് സക്‌സഷന്‍ പ്രേക്ഷകരിലേക്ക് എത്തിയത്. സക്‌സഷനിലെ പ്രകടനത്തിന് കീരന്‍ കല്‍ക്കിനാണ് (Kieran Culkin) ഡ്രാമ സീരീസ് വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.