ലോസ് ഏഞ്ചൽസ് : 74ാമത് എമ്മി പുരസ്‌കാരങ്ങൾ ലോസാഞ്ചൽസ് മൈക്രോസോഫ്റ്റ് തിയേറ്ററിലെ പ്രൗഢഗംഭീര ചടങ്ങില്‍ വിതരണം ചെയ്‌തു. നെറ്റ്ഫ്ലിക്‌സിൽ പുറത്തിറങ്ങിയ ജനപ്രിയ സൗത്ത് കൊറിയൻ ത്രില്ലറായ സ്‌ക്വിഡ് ഗെയിം ഒരുക്കിയ ഹ്വാങ് ഡോങ്ഹ്യൂക്കാണ് മികച്ച സംവിധായകന്‍.
ഡ്രാമ സീരീസ് വിഭാഗത്തിൽ യൂഫോറിയയിലെ പ്രകടനത്തിന് സെൻഡയ മികച്ച നടിയും സ്‌ക്വിഡ് ഗെയിമിലെ അഭിനയത്തിന് ലീ ജംഗ്-ജെ മികച്ച നടനുമായി. സക്‌സക്ഷനിലെ വേഷത്തിന് മാത്യു മക്‌ഫാഡിയൻ സഹനടനും ഒസാർക്കിലെ കഥാപാത്രത്തെ അവതരിപ്പിച്ച് ജൂലിയ ഗാർണർ മികച്ച സഹനടിയുമായി.
ബെസ്‌റ്റ് ഡ്രമാറ്റിക് പരമ്പര അവാർഡ് സക്‌സഷന്‍ സ്വന്തമാക്കി. മികച്ച കോമഡി സീരീസ് ടെഡ് ലാസൊയാണ്. ദി വൈറ്റ് ലോട്ടസാണ് മികച്ച ആന്തോളജി സീരീസ്.
ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മൈക്കൽ കീറ്റണാണ് മികച്ച നടൻ. ഡോപ്‌സ്‌റ്റിക്കിലെ പ്രകടനത്തിനാണ് അംഗീകാരം. ദി ഡ്രോപ്ഔട്ടിലെ അഭിനയത്തിന് അമൻഡ സെയ്ഫ്രൈഡ് മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ ജെന്നിഫർ കൂളിഡ്‌ജ് മികച്ച സഹനടിയും മുറെ ബാർട്ട്‌ലെറ്റ് മികച്ച നടനുമായി. ദി വൈറ്റ് ലോട്ടസിലെ പ്രകടനത്തിനാണ് ഇരുവര്‍ക്കും അംഗീകാരം.
കോമഡി വിഭാഗത്തില്‍ റ്റെഡ് ലാസൊയിലെ അഭിനേതാവായ ജേസൺ സുദീകിസ് മികച്ച നടനായും, ഹാക്ക്‌സിലെ അഭിനയത്തിന് ജീൻ സ്‌മാർട്ട് മികച്ച നടിയുമായി.
ഇതേ വിഭാഗത്തിൽ സഹനടന്‍റെ പുരസ്‌കാരം ബ്രെറ്റ് ഗോൾഡ്‌സ്‌റ്റീനും സഹനടിക്കുള്ള പുരസ്‌കാരം ഷെറിൽ ലീ റാൽഫിനും ലഭിച്ചു. ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത് സക്‌സക്ഷൻ എന്ന എച്ച്‌ബിഒ പരമ്പരയ്ക്കാണ്. എച്ച്‌ബിഒയുടെ വൈറ്റ് ലോട്ടസ് നോമിനേഷനിൽ രണ്ടാം സ്ഥാനത്താണ്.
അമേരിക്കൻ ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്ക് നൽകുന്ന പുരസ്കാരമാണ് എമ്മി. ടെലിവിഷനിലെ ഓസ്‌കർ എന്നാണ് അംഗീകാരം അറിയപ്പെടുന്നത്.