'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരിച്ച് സിനിമ പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരിക്കുകയാണ്. 'ഷെഫീക്കിന്‍റെ സന്തോഷ'ത്തിന്‍റെ ഛായാഗ്രാഹകനായ എല്‍ദോ ഐസക്കും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി.
തന്‍റെ അറിവില്ലാതെയാണ് ബാല ലൈവ് ടെലികാസ്‌റ്റ് ചെയ്‌തതെന്നും സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ തന്‍റെ കരിയറിലെ മികച്ച സിനിമ അനുഭവമായിരുന്നു 'ഷെഫീക്കിന്‍റെ സന്തോഷ'മെന്നും എല്‍ദോ ഐസക്ക് പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു എല്‍ദോയുടെ പ്രതികരണം.
'നമസ്‌കാരം… കുറച്ചു മണിക്കൂറുകളായി 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന എന്‍റെ ഫോൺ സംഭാഷണം ഒരു ചാനലിനോ, ഓൺലൈൻ മീഡിയക്കോ കൊടുത്ത ഇന്റർവ്യൂവിന്‍റെ ഭാഗമായിട്ടുള്ളതല്ല… എന്‍റെ സുഹൃത്തും സഹപ്രവർത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്…
എന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്‌റ്റ് ചെയ്യപ്പെട്ടത്. സിനിമ വ്യവസായത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ മനഃപൂർവമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാൻ വേണ്ടിയും നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ എന്‍റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു 'ഷെഫീക്കിന്‍റെ സന്തോഷം'.