2023ലെ ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് ദുല്‍ഖര്‍ സല്‍മാന്. പെട്രോള്‍ഹെഡ് ആക്‌ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ആര്‍ ബാല്‍കി സംവിധാനം ചെയ്‌ത ചുപ് എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ടോപ് ഗിയര്‍ മാഗസിന്‍റെ 40 പുരസ്‌കാരങ്ങളില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള അവാര്‍ഡാണ് താരത്തിന് സ്വന്തമായത്. പുരസ്‌കാരം കരസ്ഥമാക്കാനായതിലൂടെ പാന്‍ ഇന്ത്യന്‍ ബ്രാന്‍ഡിലേക്കാണ് ദുല്‍ഖര്‍ ചുവടുവച്ചത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായ ചുപ് ദുല്‍ഖര്‍ എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ്.
ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ മലയാളി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണെന്നതും ഏറെ ശ്രദ്ധേയമാണ്. വാഹനങ്ങളോട് ഭ്രമമുള്ളവര്‍ക്കും കൂടി നല്‍കുന്ന അംഗീകാരമാണിത്. പിതാവും മലയാളം സൂപ്പര്‍ താരവുമായ മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖറും വാഹന പ്രേമിയാണ്.
വിവിധ കാറുകളുടെ വന്‍ ശേഖരം തന്നെ താരത്തിന് സ്വന്തമായുണ്ട്. തന്‍റെ കാറുകളുടെ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത്തരമൊരു പുരസ്‌കാരം നല്‍കിയതിന് നന്ദി അറിയിച്ച് താരം ട്വിറ്ററില്‍ കുറിപ്പ് പങ്കുവച്ചിട്ടുമുണ്ട്. അടുത്തിടെ ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലിലും ദുല്‍ഖര്‍ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ സെപ്‌റ്റംബര്‍ 23നാണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചുപ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ സൈക്കോ കഥാപാത്രമായെത്തുന്ന ദുല്‍ഖറിന്‍റെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തു. ദുല്‍ഖറിന്‍റെ കരിയറില്‍ ഗംഭീര ചുവടുവയ്‌പ്പാണിതെന്നായിരുന്നു ചിത്രം കണ്ട ആരാധകരുടെ പ്രതികരണം.
ചിത്രത്തില്‍ ഏറെ നിഗൂഢതകള്‍ നിറഞ്ഞ ദുല്‍ഖറിന്‍റെ കഥാപാത്രം നിരൂപക പ്രശംസയും നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയ തലത്തിലുള്ള അംഗീകാരങ്ങളും ദുല്‍ഖറിനെ തേടിയെത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലറിന് യൂട്യൂബില്‍ ഒരു കോടിയിലധികം കാഴ്‌ചകളുണ്ടായി.
സംവിധായകന്‍ ബാല്‍കിയ്‌ക്ക് ഒപ്പം രാജ സെന്‍, റിഷി വിര്‍മാനി, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ ആരാധകര്‍ക്കായി ചുപ്പിന്‍റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
'കിങ് ഓഫ് കൊത്ത'യില്‍ തിളങ്ങാനൊരുങ്ങി ദുല്‍ഖര്‍:പ്രശസ്‌ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രമായ 'കിങ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്‍റേതായി ഇനി തിയേറ്ററുകളിലെത്താനുള്ളത്. ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാനായി ചിത്രം ആരാധകരിലെത്തുമെന്നാണ് പ്രതീക്ഷ. വേഫാറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. തമിഴ്‌നാട്ടിലെ കാരൈക്കുടിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലെല്ലാം ചിത്രം റിലീസ് ചെയ്യും. രണ്ട് തരം കാലഘട്ടങ്ങളിലെ ജീവിത രീതിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.