കുഞ്ഞിക്ക, ഡി ക്യു, സാലു.. മലയാളികൾ സ്‌നേഹപൂർവം തങ്ങളുടെ പ്രിയനടനെ വിളിച്ചു.. കൂകി വിളികൾക്കിടയിലേക്ക് ഒരു ചിരിയോടെ നടന്നുകയറിയദുൽഖർ സൽമാൻ, അതേ ചിരിയോടെ തന്നെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബൽ സ്വന്തമാക്കിയ നടൻ.
2012ൽ പുറത്തിറങ്ങിയ 'സെക്കന്‍റ് ഷോ'യിലൂടെയായിരുന്നു ദുൽഖറിന്‍റെ സിനിമ ഇന്നിങ്‌സ് ആരംഭിച്ചത്. അരങ്ങേറ്റ ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്‍റെ ആദ്യ സിനിമ എന്ന ടാഗ്‌ലൈൻ ഇല്ലാതെ തീയേറ്ററിലേക്കെത്തിയ സെക്കന്‍റ് ഷോ. ഒരു കൂട്ടം പുതുമുഖങ്ങളുള്ള ചിത്രം. വമ്പൻ ഹിറ്റ് എന്ന് പറയാൻ കഴിയില്ലെങ്കിലും, ദുൽഖറിന്‍റെ തുടക്കം മോശമായില്ലെന്ന് പറയാം.
തന്നെ പിന്തുടർന്നുകൊണ്ടിരുന്ന താരപുത്രൻ എന്ന ഇമേജിൽ നിന്ന് സിനിമയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ ഡിക്യുവിന് കഴിഞ്ഞു. വൈവിധ്യമാർന്ന ചിത്രങ്ങളുമായുള്ള ദുൽഖറിന്‍റെ വരവാണ് പ്രേക്ഷകനുമായി താരത്തെ കൂടുതൽ അടുപ്പിച്ചത്. ഭാഷാഭേദമന്യേ ചെയ്യുന്ന സിനിമകൾ, മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും തന്‍റേതായ ഇടം കണ്ടെത്തിയുള്ള മുന്നേറ്റം.
സിനിമയിലെത്തി 11 വർഷം കഴിയുമ്പോൾ ദുൽഖർ ഇന്ന് എത്തിനിൽക്കുന്നത് മലയാളത്തിന്‍റെ ഏറ്റവും വലിയ ബ്രാൻഡ് എന്ന ലേബലിലാണ്. സെക്കന്‍റ് ഷോയ്‌ക്ക് പിന്നാലെ തീയേറ്ററിലെത്തിയ ദുൽഖറിന്‍റെ രണ്ടാമത്തെ ചിത്രമായ 'ഉസ്‌താദ് ഹോട്ടൽ' ആയിരുന്നു താരത്തെ ജനപ്രിയനാക്കിയത്.
കരീമിക്കയും ഫൈസിയും.. അൻവർ റഷീദ് സംവിധാനം ചെയ്‌ത 'ഉസ്‌താദ് ഹോട്ടലി'ലെ ഫൈസി എന്ന കഥാപാത്രം ദുൽഖറിന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു. തിലകൻ എന്ന ക്ലാസിക് അഭിനേതാവിനൊപ്പമുള്ള കോമ്പിനേഷൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഫൈസൽ എന്ന ഫൈസിയായി ദുൽഖർ സൽമാന്‍ അമ്പരപ്പിച്ചു. തിലകൻ അവതരിപ്പിച്ച കരീമിക്കയും കൊച്ചുമകൻ ഫൈസിയും തമ്മിലുള്ള ആത്മബന്ധം, ഉപ്പൂപ്പയിൽ നിന്ന് ഫൈസി എല്ലാം പഠിക്കുന്ന രീതി, ഒടുവിൽ ജീവിതത്തിന്‍റെ യഥാർഥ്യം ഉൾക്കൊള്ളുന്ന ഫൈസി.. മരണം, വിവാഹം, പ്രണയം, വിരഹം എന്നിങ്ങനെ ജീവിതത്തിന്‍റെ പലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഫൈസിയെ യാതൊരു കല്ലുകടിയും ഇല്ലാതെ ദുൽഖർ തന്മയത്വത്തോടെ അവതരിപ്പിച്ചു.
ദുൽഖറിന്‍റേതായി തീവ്രം, എബിസിഡി എന്നീ സിനിമകൾ പിന്നാലെ പ്രേക്ഷകർക്കരികിലേക്ക് എത്തിയെങ്കിലും സമീർ താഹിർ സംവിധാനം ചെയ്‌ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം താരത്തെ യൂത്ത് ഐക്കൺ പദവിയിലേക്കുയർത്തി. കാമുകിയെ കാണാനായി നാഗാലാന്‍റിലേക്കുള്ള കാസിയുടെ യാത്രയിൽ പ്രേക്ഷകരും പങ്കാളികളായി. റോയൽ എൻഫീൽഡിൽ യുവാക്കളെ ലോകം ചുറ്റാൻ പ്രേരിപ്പിച്ച നീലാകാശത്തിലെ കാസിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
'പട്ടം പോലെ, സലാല മൊബൈൽസ്, സംസാരം ആരോഗ്യത്തിന് ഹാനികരം' എന്നീ ചിത്രങ്ങൾ പിന്നീട് തീയേറ്ററിലെത്തിയെങ്കിലും അധികം ശ്രദ്ധ നേടിയില്ല. എന്നാൽ വീണ്ടും ഒരു തിരിച്ചുവരവായിരുന്നു അഞ്ജലി മേനോന്‍റെ 'ബാംഗ്ലൂർ ഡേയ്‌സി'ലെ അജു എന്ന അർജുനിലൂടെ ദുൽഖർ സ്വന്തമാക്കിയത്. മാതാപിതാക്കളുടെ വേർപിരിയലിൽ ഒറ്റപെട്ടുപോകുന്ന മകനായും വാശിയും ദേഷ്യവുമൊക്കെയുള്ള യുവാവായും കാമുകനായും നല്ലൊരു സുഹൃത്തായും സ്‌ക്രീനിലെത്തിയതോടെ ദുൽഖർ തെളിയിച്ചത് വൈകാരിക രംഗങ്ങളും തന്‍റെ കൈയിൽ ഭദ്രമാണെന്നായിരുന്നു.