ദുല്‍ഖര്‍ നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) അപ്‌ഡേറ്റ് പുറത്തുവിട്ട് നിര്‍മാതാക്കള്‍. 'ലോഡിങ്' എന്ന അടിക്കുറിപ്പോടുകൂടി 'കിംഗ് ഓഫ് കൊത്ത'യിലെ ഒരു ചിത്രം ട്വീറ്റ് ചെയ്‌തിരിക്കുകയാണ് സീ സ്‌റ്റുഡിയോസ്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് ട്വീറ്റ് ട്രെന്‍ഡായി. പുറം തിരിഞ്ഞുനില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍. സിനിമയിലെ ഒരു ഗാനരംഗത്തില്‍ നിന്നുള്ളതാണ് ചിത്രമെന്നാണ് സൂചന.
പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി.'കിംഗ് ഓഫ് കൊത്ത'യിലെ ഗാനം റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണോ എന്നാണ് ആരാധകരില്‍ പലരും ചോദിക്കുന്നത്. ചിത്രത്തില്‍ റിതിക സിംഗ് അഭിനയിക്കുന്ന ഒരു ഡാന്‍സ് നമ്പര്‍ ഉണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഈ ഗാനം വലിയ ബജറ്റിലാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ സംവിധാനം. അഭിലാഷിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം ഓഗസ്‌റ്റ് 24നാണ് പ്രദര്‍ശനത്തിനെത്തുക. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും.
Also Read:King of Kotha| 'രാജപിതാവിന്‍റെ അഭിഷേക കർമ്മം പൂർത്തിയായി, കൊത്തയുടെ രാജാവ് രാജകീയമായി വരുന്നു!': കുറിപ്പുമായി ഷമ്മി തിലകന്‍
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ നിന്നുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ ലക്ഷ്‌മിയാണ് നായികയായി എത്തുന്നത്. കൂടാതെ ശാന്തി കൃഷ്‌ണ, ചെമ്പന്‍ വിനോദ്, തമിഴ് താരം പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിലെത്തും.
'സാർപ്പട്ട പരമ്പര'യിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കലും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗോകുൽ സുരേഷ്, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരും വേഷമിടുന്നു. ഷാൻ റഹ്മാൻ, ജേക്‌സ് ബിജോയ് എന്നിവർ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സീ സ്‌റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറർ ഫിലിംസും ചേർന്നാണ് നിർമാണം.
Also Read:'ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി' ; 'കിങ് ഓഫ് കൊത്ത'യുടെ ടീസര്‍ പുറത്ത്
അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംഘട്ടനം - രാജശേഖർ, കൊറിയോഗ്രാഫി - ഷെറീഫ്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽ - ഷുഹൈബ് എസ് ബി കെ, പിആർ പ്രതീഷ് ശേഖർ.
അതേസമയം ദുല്‍ഖര്‍ സൽമാന്‍റെ ആദ്യ ബോളിവുഡ് മ്യൂസിക് ആല്‍ബം കഴിഞ്ഞ ദിവസം (ജൂലൈ 25) പുറത്തിറങ്ങിയിരുന്നു. 'ഹീരിയേ' എന്ന പ്രണയ ഗാനം ആണ് റിലീസായത്. ദുല്‍ഖര്‍ സല്‍മാനും ജസ്‌ലീൻ റോയലും ചേര്‍ന്നുള്ള ഒരു മനോഹര പ്രണയ ഗാനമാണ് 'ഹീരിയേ'.