ഹൈദരാബാദ്: ദുൽഖർ സൽമാനും മൃണാൾ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തി തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച ചിത്രമാണ് 'സീതാ രാമം'. ബോക്‌സോഫിസിൽ റെക്കോഡുകൾ സൃഷ്‌ടിച്ച് മുന്നേറിയ ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് (ഓഗസ്റ്റ് 05) ഒരു വർഷം തികഞ്ഞിരിക്കുകയാണ്. ദുൽഖർ എന്ന നടനെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിച്ച, മൃണാളിന് സ്വപ്‌ന തുല്യമായ ഒരു പുതിയ തുടക്കം സമ്മാനിച്ച ചിത്രത്തിന്‍റെ ഒന്നാം വാർഷിക ദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പുകൾ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ.
ഒരു വർഷം മുമ്പ് വരെ തെലുഗു പ്രേക്ഷകർക്ക് ബോളിവുഡ് നടി മൃണാള്‍ താക്കൂർ ആരാണെന്നതിനെ കുറിച്ച് ഒരുപക്ഷെ അറിവ് ഉണ്ടായിരുന്നിരിക്കില്ല. എന്നാൽ തന്‍റെ ആദ്യ ടോളിവുഡ് ചിത്രത്തിലൂടെ തന്നെ സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവർക്കായി. ഇപ്പോഴിതാ ആദ്യ സിനിമ 'സീതാരാമ'ത്തിലൂടെ തെലുഗു പെൺകുട്ടിയായി തന്നെ സ്വീകരിച്ചതിന് പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം. തെലുഗു സിനിമ പ്രേമികൾക്കും സീതാരാമം സംഘത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ മൃണാൾ വികാരഭരിതമായ പോസ്റ്റ് ഇട്ടത്.
'പ്രിയപ്പെട്ട പ്രേക്ഷകരേ, ഒരു നടിയെന്ന നിലയിൽ എന്‍റെ ആദ്യ തെലുഗു ചിത്രമാണ് 'സീതാരാമം'. ഞാൻ സങ്കൽപ്പിച്ചതിനും അപ്പുറം സ്‌നേഹം നിങ്ങൾ എനിക്ക് നൽകി. ഈ യാത്രയിൽ എന്നെ ഒരു തെലുഗുക്കാരിയെപ്പോലെ കരുതിയതിനും ഇത്രയും സ്നേഹം നൽകിയതിനും നന്ദി'- താരം കുറിച്ചു.
വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ഇനിയും നിങ്ങളെ രസിപ്പിക്കുമെന്ന ഉറപ്പും മൃണാൾ നൽകി. ഒപ്പം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു. 'എന്നിൽ നിന്നും സീതയുടെ മികച്ച പതിപ്പ് സ്‌ക്രീനിലേക്ക് കൊണ്ടുവന്ന സംവിധായകൻ ഹനു രാഘവപുടിക്ക് നന്ദി.. ഈ യാത്ര മുഴുവൻ എനിക്ക് അവിസ്‌മരണീയമാക്കിയ ദുൽഖറിനും മുഴുവൻ സിനിമാ സംഘത്തിനും നന്ദി'- താരം കുറിച്ചു.
'സീതാരാമം' സിനിമയുടെ മേക്കിങ് വീഡിയോയും മൃണാൾ ആരാധകരുമായി പങ്കുവച്ചിരുന്നു. സൈബർ ലോകം ഈ വീഡിയോ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. മറുവശത്ത്, സിനിമയുടെ നിർമാതാക്കളായ വൈജയന്തി മൂവീസും സ്വപ്‌ന സിനിമാസും സിനിമയുടെ പ്രത്യേക വീഡിയോകൾ പങ്കിട്ടിട്ടുണ്ട്.
ചിത്രത്തിന്‍റെ സംവിധായകനും അഭിനേതാക്കൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സൽമാനും ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സീതാരാമത്തിന് ലഭിക്കുന്ന സ്‌നേഹം ഒരിക്കലും അവസാനിക്കുകയില്ലെന്ന് കുറിച്ച താരം ഇനിയും മികച്ച സിനിമകളിലൂടെ നിങ്ങളെ രസിപ്പിക്കുമെന്നും പ്രേക്ഷകർക്ക് വാക്ക് നൽകുന്നു.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവർക്കൊപ്പം രശ്‌മിക മന്ദാന, സുമന്ത് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായ ഹനു രാഘവപ്പുടി ചിത്രം 100 കോടിക്കടുത്താണ് ആഗോള ബോക്‌സോഫിസിൽ നിന്നും നേടിയത്. തെലുഗുവിന് പുറമെ മറ്റ് ഭാഷകളിലെ പതിപ്പിനും മികച്ച പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിച്ചത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.