മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെമ്പാടും പിന്നീട് ബോളിവുഡിലും ശക്തമായ സാന്നിധ്യം അറിയിച്ച താരമാണ് ദുല്‍ഖർ സല്‍മാൻ (Dulquer Salmaan). സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് 'കിങ് ഓഫ് കൊത്ത' (King of Kotha). ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇരുട്ട് വീണ വഴിയിൽ കാറിന്‍റെ മുകളിൽ ഇരിക്കുന്ന ദുൽഖർ ആണ് പോസ്റ്ററിലുള്ളത്. 'രാജാവ് ഉടൻ വരും' എന്ന പ്രഖ്യാപനത്തോടെ എത്തിയിരിക്കുന്ന പുതിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 'കിങ് ഓഫ് കൊത്ത' പറയുന്നതെന്നാണ് വിവരം.
മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഈ മാസ് എന്‍റർടെയിനർ സംവിധാനം ചെയ്യുന്നത്. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിങ് ഓഫ് കൊത്ത'. ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ദുൽഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള മലയാള ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. രാജശേഖറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ്.
അഭിലാഷ് എൻ ചന്ദ്രൻ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് എസ് കശ്യപും നിമീഷ് രവിയും ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്യാം ശശിധരൻ ആണ്. അടുത്തിടെ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് ഛായാഗ്രാഹകന്‍ അരവിന്ദ് എസ് കശ്യപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. 'കിംഗ് ഓഫ് കൊത്ത' ക്ലൈമാക്‌സിലെ ആക്ഷന്‍ മികച്ച ഒന്നുതന്നെ ആയിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാവുന്നത്ര തീവ്രവും മാസുമായിരിക്കും സിനിമയിലെ ആക്ഷന്‍ എന്നും ഛായാഗ്രാഹകന്‍ വ്യക്തമാക്കിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മിയാണ് ദുല്‍ഖറിന്‍റെ നായികയായി എത്തുന്നത്. നടി ശാന്തി കൃഷ്‍ണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ഫസ്‌റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരുന്നു.
മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, സ്റ്റിൽ - ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, മ്യൂസിക് - സോണി മ്യൂസിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:ദുല്‍ഖര്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; 'കിംഗ് ഓഫ് കൊത്ത'യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്