മലയാളികളുടെ മാത്രമല്ല, ബോളിവുഡിലെയും ജനപ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan). ഇതിനോടകം ഏതാനും ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച് ബോളിവുഡില്‍ ദുല്‍ഖര്‍ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ ആദ്യ ഹിന്ദി മ്യൂസിക് ആല്‍ബവും താരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗായിക ജസ്‌ലീന്‍ റോയലിനൊപ്പമുള്ള (Jasleen Royal) ഹീരിയേ (Heeriye) എന്ന് പേരിട്ടിക്കുന്ന ആല്‍ബം നാളെ (ജൂലൈ 25) റിലീസ് ചെയ്യും. ഇക്കാര്യവും ദുല്‍ഖര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 'ഹീരിയേ'യുടെ റൊമാന്‍റിക് പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ജസ്‌ലീന്‍ റോയലും അരിജിത്ത് സിംഗും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയിലുള്ള ദുല്‍ഖറിന്‍റെ ആദ്യ സംഗീത ആല്‍ബമാണിത്. അരിജിത്ത് സിംഗിനോടും ജസ്‌ലീന്‍ റോയലിനോടുമുള്ള തന്‍റെ ആരാധന മൂലമാണ് താന്‍ ഈ മ്യൂസിക് ആല്‍ബത്തിന് സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
'വളരെ സവിശേഷമായ ഒരു ഗാനമാണ് 'ഹീരിയേ'. ഈ സംഗീത ആല്‍ബത്തിന്‍റെ കോണ്‍സെപ്‌റ്റ്, അരിജിത്തിന്‍റെയും ജസ്‌ലീന്‍ റോയലിന്‍റെയും മധുരമാര്‍ന്ന ശബ്‌ദം എന്നിവയുമായി ഞാന്‍ പെട്ടെന്ന് പ്രണയത്തിലായി. ഇതൊരു മികച്ച പ്രണയ ഗാനമാണ്. കൂടാതെ ഈ മനോഹരമായ മെലഡിക്ക് വേണ്ടി ജസ്‌ലീൻ റോയൽ, വാർണർ എന്നിവരുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഈ മനോഹരമായ പ്രണയ ഗാനത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം കാണുന്നതിനുള്ള ആവേശത്തിലാണ് ഞാൻ.' -ഇപ്രകാരമാണ് 'ഹീരിയേ'യെ കുറിച്ചുള്ള ദുല്‍ഖറുടെ വാക്കുകള്‍..
അതേസമയം 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. 'കിംഗ് ഓഫ് കൊത്ത'യിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.