മലയാളിയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് ദുൽഖർ സൽമാൻ. ഒരു മലയാള സിനിമ നടൻ എന്നതിൽ നിന്നും ഒരു പാൻ ഇന്ത്യൻ അഭിനേതാവ് എന്ന നിലയിലേക്ക് ദുൽഖർ സൽമാൻ ഉയർന്നു കഴിഞ്ഞു. ഇന്ത്യയൊട്ടാകെ ഫാൻസുള്ള നടന് ഏറ്റവും കൂടുതൽ ആരാധകർ എവിടെയാണെന്ന് ചേദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ ഇങ്ങ് കേരളത്തിൽ തന്നെ. ദുൽഖറിനോട് മലയാളികൾക്കുള്ള ആരാധന തുടങ്ങിയിട്ട് വർഷങ്ങളായി. ദുൽഖറിൻ്റെ ആദ്യ സിനിമയായ ‘സെക്കൻ്റ് ഷോ’ മുതൽ തുടങ്ങിയതാണ് അത്. ഇക്കാലമത്രയായിട്ടും അതിന് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല. അതിനുള്ള തെളിവാണ് കൊണ്ടോട്ടിയിൽ കണ്ടത്.
മലപ്പുറം കൊണ്ടോട്ടിയിൽ ഒരു കടയുടെ ഉദ്‌ഘാടന പരിപാടിക്ക് വന്ന ദുൽഖർ സൽമാനെ വരവേൽക്കാൻ ജനസാഗരമാണ് തടിച്ചുകൂടിയത്. ഇരച്ചെത്തിയ ജനക്കൂട്ടത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. ദുൽഖർ എത്തിയതിനെ തുടർന്ന് കൊണ്ടോട്ടിയിലെ റോഡുകളും തെരുവുകളുമെല്ലാം ജനങ്ങളെ കൊണ്ട് നിറഞ്ഞതിനാൽ വളരെ പണിപ്പെട്ടാണ് പോലീസ് ഗതാഗതം പുനസ്ഥാപിച്ചത്.
തൻ്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ ചാർളിയിലെ ഗാനം ‘സുന്ദരിപ്പെണ്ണെ’ ആലപിക്കാൻ അവതാരകൻ താരത്തോട് ആവശ്യപ്പെടുകയായിരുന്നു. ദുൽഖർ ഗാനം ആലപിക്കാൻ തുടങ്ങിയതോടെ വേദിയിൽ ആർപ്പു വിളികൾ നിറഞ്ഞു.
‘സുബ്ഹൻ അള്ളാ’ എന്ന ഗാനത്തിൽ തുടങ്ങി ദുൽഖറിൻ്റെ മുൻപന്തിയിൽ നിൽക്കുന്ന നടൻ തന്നെ ആലപിച്ച ഒരുപാട് ഗാനങ്ങളുടെ റീമിക്‌സ് ഗാനം പ്ലേ ചെയ്‌തപ്പോൾ ജനത്തിനൊപ്പം ദുൽഖറും വേദിയിൽ ചുവടു വച്ചു. അതുകൂടിയായപ്പോൾ വേദി ഒന്നടങ്കം ഏവരും നൃത്തം ചെയ്യാൻ തുടങ്ങുകയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസും സന്നദ്ധ പ്രവർത്തകരും ഒരുപാട് കഷ്‌ട്ടപെടുകയും ചെയ്‌തു.