കലാസംവിധായകന്‍ സുനില്‍ ബാബുവിന്‍റെ വിയോഗത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള സിനിമ ലോകം. സുനിലിന്‍റെ മരണത്തില്‍ വേദന പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. സുനില്‍ ബാബു തങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കിയെന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അനുശോചന കുറിപ്പ് പങ്കുവച്ചത്. 'ഹൃദയം വേദനിക്കുന്നു. സ്വന്തം കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്‌ദമായി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി. ഓര്‍മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ നമ്മുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു' -ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു സുനിലിന്‍റെ അന്ത്യം. 50 വയസ് പ്രായമുള്ള സുനിലിന്‍റെ കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.