കേരളം

kerala

ETV Bharat / entertainment

'റാഹ നിങ്ങളോടൊപ്പമുണ്ട്' : ആലിയയുടെ ഹൃദയം കവർന്ന് ഹോട്ടൽ അധികൃതരുടെ സർപ്രൈസ് സമ്മാനം - മെറ്റ് ഗാല

ദുബായിലെ ഹോട്ടൽ നൽകിയ സമ്മാനം ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ആലിയ ഭട്ട്  ആലിയ  രണ്‍ബീർ കപൂറും ആലിയ ഭട്ടും  Dubai hotels sweet gesture wins Alia Bhatts heart  Alia Bhatt  alia bhatt ranbir kapoor  രണ്‍ബീർ കപൂർ  മെറ്റ് ഗാല  Ranbir kapoor
ആലിയ

By

Published : Apr 25, 2023, 2:12 PM IST

ബോളിവുഡിലെ സൂപ്പർ താര ദമ്പതികളാണ് രണ്‍ബീർ കപൂറും ആലിയ ഭട്ടും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ നവംബർ ആറിന് ഇരുവർക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. മകൾ റാഹ കപൂറിനോടൊത്തുള്ള വിശേഷങ്ങൾ നിരവധി അഭിമുഖങ്ങളിൽ ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിലെ ഒരു ഹോട്ടലിൽ തനിക്ക് ലഭിച്ച അത്ഭുതകരമായ വരവേൽപ്പിനെക്കുറിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ആലിയ.

ഇത്തവണ മകളെ കൂട്ടാതെ താരം ഒറ്റയ്ക്കാണ് ദുബായിലെത്തിയത്. മകൾ പിതാവ് രണ്‍ബീർ കപൂറിനൊപ്പം മുംബൈയിലാണ്. മെറ്റ് ഗാലയിൽ പങ്കെടുക്കാൻ ആലിയ അടുത്ത ദിവസം തന്നെ ന്യൂയോർക്ക് സിറ്റിയിലെത്തും. ഇതിന് മുന്നോടിയായാണ് താരം ദുബായിലെത്തിയത്. റാഹ കൂടെയില്ലാത്തതിനാൽ തന്നെ മകളെ മിസ് ചെയ്യാതിരിക്കാനാണ് ദുബായിലെ ഹോട്ടൽ അധികൃതർ താരത്തിന് വിശേഷപ്പെട്ട സ്വാഗത സമ്മാനം നൽകിയത്.

ആലിയ ഭട്ടിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി

'റാഹ ഇവിടെ നിങ്ങളോടൊപ്പം മന്ദാരിൻ ഓറിയന്‍റൽ ജുമൈറ ദുബായിൽ ഉണ്ട്, നിങ്ങൾ അവളെ എത്രമാത്രം മിസ് ചെയ്യുന്നു എന്ന് ഞങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ!' -എന്നായിരുന്നു ഹോട്ടൽ അധികൃതർ കുറിച്ചത്. പശ്ചാത്തലത്തിൽ പിങ്ക് നിറത്തിൽ റാഹയുടെ പേര് ആലേഖനം ചെയ്‌ത ഒരു വെളുത്ത മോണോഗ്രാം ബാത്ത്‌റോബും ഉണ്ടായിരുന്നു. 'നിങ്ങൾ എന്‍റെ ഹൃദയം കവർന്നു! എന്തൊരു മികച്ച വരവേൽപ്പ്' -എന്നായിരുന്നു ഹോട്ടല്‍ അധികൃതര്‍ നല്‍കിയ കുറിപ്പിന്‍റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ട് ആലിയ കുറിച്ചത്.

അതേസമയം ആദ്യമായാണ് ആലിയ ഭട്ട് മെറ്റ് ഗാലയിൽ പങ്കെടുക്കാനെത്തുന്നത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫാഷൻ ഇവന്‍റ് മെയ് ഒന്നിന് ന്യൂയോർക്കിൽ നടക്കും. ഹോളിവുഡ് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ആലിയ അമേരിക്കൻ ഫാഷൻ ഡിസൈനറായ പ്രബൽ ഗുരുംഗ് ഡിസൈൻ ചെയ്‌ത വസ്‌ത്രം റെഡ് കാർപ്പെറ്റിൽ ധരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ 'ബ്രഹ്മാസ്ത്ര' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും രൺബീറും പ്രണയത്തിലായത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മുംബൈയിലെ രൺബീറിന്‍റെ വസതിയിൽ വച്ചായിരുന്നു വിവാഹം.

ഹോളിവുഡിൽ ചുവട് വയ്‌ക്കാൻ ആലിയ: അതേസമയം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ തന്‍റെ ഹോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ആലിയ. പ്രശസ്‌ത ഹോളിവുഡ് നടി ഗൽ ഗദോത്, നടൻ ജെയ്‌മി ഡോർമൻ എന്നിവരോടൊപ്പമാണ് ആലിയ ചിത്രത്തിൽ വേഷമിടുന്നത്. ടോം ഹാർപർ ആണ് ചിത്രത്തിന്‍റെ സംവിധാനം. നെറ്റ്ഫ്ലിക്‌സും സ്കൈഡാൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

രൺവീർ സിങ്ങിനൊപ്പം റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കരണ്‍ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കശ്‌മീരിൽ അടുത്തിടെ പൂർത്തിയായിരുന്നു. ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ജൂലൈ 28 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പമുള്ള ആലിയയുടെ 'ജീ ലെ സരാ'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഫർഹാൻ അക്തറാണ് ചിത്രത്തിന്‍റെ സംവിധാനം. ഫർഹാന്‍റെ റോഡ് ട്രിപ്പ് മൂവികളായ ദിൽ ചാഹ്താ ഹേ, സിന്ദഗി നാ മിലേഗി ദൊബാര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന റോഡ് മൂവിയാണ് 'ജീ ലെ സരാ'. ഫർഹാൻ അക്തർ, സഹോദരി സോയ അക്തർ, ഭാര്യ റീമ കാഗ്‌തി എന്നിവർ തന്നെയാണ് ചിത്രത്തിന്‍റെ നിർമാണവും നിർവഹിക്കുന്നത്.

ABOUT THE AUTHOR

...view details