തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷനിൽ (കെഎസ്എഫ്‌ഡിസി- Kerala State Film Development Corporation) നിന്ന് രാജിവച്ച് സംവിധായകൻ ഡോ. ബിജു (Director Dr. Biju resigned from KSFDC). കെഎസ്എഫ്‌ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഇദ്ദേഹം ഒഴിഞ്ഞത്. കെഎസ്എഫ്‌ഡിസി എംഡി കെവി അബ്‌ദുള്‍ മാലിക്കിന് ഇ-മെയിലായാണ് ഡോ. ബിജു രാജി സമര്‍പ്പിച്ചത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തുമായി തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് ഡോ. ബിജുവിന്‍റെ രാജി. അതേസമയം തൊഴിൽപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിശദീകരണം.
രഞ്ജിത്തുമായുള്ള തർക്കത്തിൽ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു. അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കണം എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിന് തുറന്ന കത്തുമായി ഡോ. ബിജുവും എത്തി. ഇതാണ് പിന്നീട് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചത്.
ഡോ. ബിജു സംവിധാനം ചെയ്‌ത 'അദൃശ്യജാലകങ്ങൾ' എന്ന സിനിമ കാണാൻ തിയേറ്ററിൽ ആൾക്കാർ കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും ആയിരുന്നു രഞ്ജിത്തിന്‍റെ പരാമർശം. ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാനായി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നാണ് ഡോ. ബിജു രഞ്ജിത്തിന് കത്തില്‍ മറുപടി നൽകിയത്.
തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന ബോധം തിരുത്താൻ താൻ ആളല്ലെന്നും കേരളത്തിനും ഗോവയ്‌ക്കും അപ്പുറം ലോകത്തൊരിടത്തും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ആളാണ് രഞ്ജിത്തെന്നും ഡോ. ബിജു പറഞ്ഞു. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ നിങ്ങളോട് പറയുന്നത് വ്യർത്ഥമാണെന്നും അദ്ദേഹം രഞ്ജിത്തിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.