സിനിമാനയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച കമ്മിറ്റി വിവാദത്തില്‍. ചർച്ച നടത്താതെ കമ്മിറ്റി ഉണ്ടാക്കിയതിൽ ഡബ്ല്യുസിസിയും ഫിലിം ചേംബറും പരസ്യമായി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. സിനിമാനയ രുപീകരണ സമിതിയെ സർക്കാർ പരിഹാസ്യമാക്കരുത് എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഫിലിം ചേംബറിന്‍റെ പ്രതിനിധികൾ ആരുമില്ലാതെ, നിർമ്മാതാക്കളുടെ സംഘടന പ്രതിനിധികളില്ലാതെ, തിയേറ്റർ ഉടമകളുടെയോ വിതരണക്കാരുടേയോ പ്രതിനിധികളാരുമില്ലാതെ സിനിമാ നയം രൂപീകരിക്കാനുള്ള സാംസ്‌കാരിക വകുപ്പിന്‍റെ തീരുമാനം വിവരദോഷമാണെന്ന് വിനയൻ കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം : 'സിനിമ നയരൂപീകരണ സമിതിയെ സർക്കാർ പരിഹാസ്യമാക്കരുത്..
ഫിലിം ചേംബറിന്‍റെ പ്രതിനിധികൾ ആരുമില്ലാതെ, നിർമ്മാതാക്കളുടെ സംഘടന പ്രതിനിധികളില്ലാതെ, തിയേറ്റർ ഉടമകളുടെയോ വിതരണക്കാരുടെയോ പ്രതിനിധികളാരുമില്ലാതെ സിനിമാനയം രൂപീകരിക്കാൻ നമ്മുടെ സാംസ്‌കാരിക വകുപ്പ് ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഇത് തമാശ മാത്രമല്ല വിവരദോഷമാണന്നുകൂടി പറഞ്ഞുപോകുന്നതിൽ ക്ഷമിക്കണം.ഇത്തരം കാര്യങ്ങളെ രാഷ്ട്രീയമായി മാത്രം കാണരുതെന്നാണ് എന്‍റെ അഭിപ്രായം..
ചില നടപടികൾ കാണുമ്പോൾ സാംസ്‌കാരിക വകുപ്പിനെ ഏതോ ഒരുപജാപകവൃന്ദം വഴി തെറ്റിക്കുന്നു എന്ന തോന്നൽ ഉണ്ടായിപ്പോകുന്നു എന്നത് സത്യമാണ്.അത് മാറ്റിയെടുക്കുവാൻ അധികാരികളാണ് ശ്രമിക്കേണ്ടത് '- വിനയൻ കുറിച്ചു.
പരസ്യ വിമർശനം ഉന്നയിച്ച് ഡബ്ല്യുസിസി :ഫേസ്‌ബുക്കിലൂടെയാണ് ഡബ്യുസിസിയും കമ്മിറ്റി രൂപീകരിച്ച രീതിയെ വിമർശിച്ചത്. സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഒരു പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ എടുത്ത മുൻകൈയെ അഭിനന്ദിച്ചുകൊണ്ടാണ് ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി തങ്ങളെ ഏറെ നിരാശരാക്കിയെന്നും ഡബ്ല്യുസിസി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇതിൽ അംഗങ്ങളാണെന്ന് പറയുന്ന മുഴുവൻ പേരുടെയും അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ കമ്മിറ്റിയുടെ ഭാഗമാകാൻ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നതിന്‍റെ മാനദണ്ഡം എന്താണെന്നതിൽ വ്യക്തതയില്ല. കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഇത്തരമൊരു കമ്മിറ്റിയുടെ പങ്കും ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നുതിനെക്കുറിച്ചുള്ള ഉത്കണ്‌ഠയും ഡബ്ല്യുസിസി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.
ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക്, തങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്‌ദാനം ചെയ്യാൻ സാധിക്കില്ലെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
രൂപീകരിച്ചത് പത്തംഗ കമ്മിറ്റി : സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‍ ചെയര്‍മാന്‍ ഷാജി എൻ കരുണിന്‍റെ നേതൃത്വത്തില്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് സമിതിയെ സർക്കാർ നിയമിച്ചത്. ചലച്ചിത്രമേഖയിലെ പ്രശ്‌നങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ചുള്ള ഹേമ കമ്മിറ്റിയുടെ ശുപാർശകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും നയരൂപീകരണം.
സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്‍റണിയാണ് കമ്മിറ്റിയുടെ കൺവീനർ. എംഎൽഎയും നടനുമായ എം മുകേഷ്, നടി മഞ്ജുവാര്യർ, സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ, നടി പത്മപ്രിയ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.