പുതുമുഖങ്ങളും പുതിയ ആശയാവതരണങ്ങളുമായി മലയാള സിനിമ വളരുന്ന കാലം. ഒരു ശരാശരി മലയാളി യുവാവിനെ പോലെ വെള്ളിത്തിരയിലേക്ക് കടന്നുവരാന്‍ ആ യുവാവും ലൊക്കേഷനുകളും സ്‌റ്റുഡിയോകളും കയറിയിറങ്ങി. ഒടുക്കം ഒരു ചിത്രത്തിന്‍റെ കഥ പറയാനായി സംവിധായകന്‍ ഫാസിലിന് മുന്നില്‍ ആ ചെറുപ്പക്കാരനെത്തുന്നു. വേറിട്ടതും അടഞ്ഞതുമായ ശബ്‌ദത്തില്‍ കഥയുടെ ചുരുക്കരൂപം പറഞ്ഞവസാനിപ്പിക്കുമ്പോള്‍, 'നമുക്ക് നോക്കാം' അല്ലെങ്കില്‍ 'ഒന്നുകൂടി നന്നാക്കേണ്ടതുണ്ട്' എന്ന പതിവ് മറുപടികള്‍ തന്നെയായിരുന്നു അയാള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനുപകരം 'നീ അസിസ്‌റ്റന്‍റായി കൂടുന്നോ' എന്ന ഫാസിലിന്‍റെ മറുപടി ഒരു സ്വപ്‌നം പോലെയാണ് അന്ന് ആ ചെറുപ്പക്കാരന്‍ കേട്ടത്. മലയാളത്തിന് ഒട്ടനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് ഒരു കാലഘട്ടത്തെ തന്നെ സുവര്‍ണമാക്കി തീര്‍ത്ത സിദ്ദിഖ് എന്ന സംവിധായകന്‍റെ പിറവി കൂടിയായിരുന്നു അന്ന് ആ വാക്കിലൂടെ സംഭവിച്ചത്.
സിദ്ദിഖ് അരങ്ങ് തകര്‍ത്ത 'ആട്ടിന്‍കൂട്ട്':ജനിച്ചുവളര്‍ന്ന ഓലമേഞ്ഞ ഇരട്ട മുറിയില്‍ കൂട്ടുകുടുംബത്തിലെ കുട്ടിപ്പട്ടാളങ്ങളുടെ കലാപ്രകടനങ്ങളും ഫലിതങ്ങളും തന്നെയാണ് 'പൊട്ടക്കന്നാസ്' എന്ന ഉമ്മയുടെ കുഞ്ഞ് സിദ്ദിഖിന് കലാ ലോകത്തേക്കുള്ള യാത്രയില്‍ അടിത്തറ പാകിയത്. കലാപ്രകടനങ്ങളിലും തുടര്‍ന്നുള്ള കളിചിരികളിലും പരസ്‌പരമുള്ള പിണക്കങ്ങള്‍ക്ക് അവസരം നല്‍കാതിരുന്ന സുന്ദര ബാല്യകാലം. സിദ്ദിഖ് എന്ന പ്രതിഭാശാലിയായ സംവിധായകനെ മലയാള സിനിമയ്‌ക്ക് നല്‍കുന്നതില്‍ നല്ലൊരു പങ്ക് കലൂരിലെ വീട്ടിലെ ആട്ടിന്‍കൂടിനുമുണ്ട്. ഓലമേഞ്ഞ വീട്ടില്‍ നിന്നും കലൂരില്‍ വീട്ടിലേക്ക് താമസമാക്കിയപ്പോള്‍ നഷ്‌ടമായ കൂട്ടുകുടുംബത്തിന്‍റെയും കുട്ടിപ്പട്ടാളങ്ങളുടെയും മറക്കാനാവാത്ത ഓര്‍മകള്‍ക്ക് ഇളക്കം തട്ടാതിരിക്കാന്‍ അയല്‍വാസികളായ സുഹൃത്തുക്കളെ ഒരുമിച്ച് ചേര്‍ത്ത് നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുതല്‍ ഏവരെയും പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖിന്‍റെ പ്രത്യേക മിമിക്രി പരിപാടി വരെ അരങ്ങേറിയത് കലൂര്‍ വീട്ടിലെ ആട്ടിന്‍കൂടില്‍ തീര്‍ത്ത പ്രത്യേക തട്ടിലായിരുന്നു.
പൊട്ടക്കന്നാസില്‍ നിന്നും അരങ്ങ് തകര്‍ത്ത കലാകാരനിലേക്ക്: എന്തും നിമിഷ നേരം കൊണ്ട് മറന്നുപോകുന്നതിനാല്‍ തന്നെ സിദ്ദിഖിനെ 'പൊട്ടക്കന്നാസ്' എന്നായിരുന്നു അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. കടയില്‍ സാധനം വാങ്ങാന്‍ പണവുമായി പറഞ്ഞുവിട്ട സിദ്ദിഖിനെ ആരോ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി എന്ന കഥ പ്രചരിച്ചതിന് പിന്നില്‍ പൊട്ടക്കന്നാസിന്‍റെ മറവിയ്‌ക്കും ഒപ്പം സിനിമ പ്രാന്തിനും പങ്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ പോയ വഴിയെ സിനിമ തിയേറ്ററിന് മുന്നിലെ പോസ്‌റ്ററില്‍ കണ്ണുടക്കി സിദ്ദിഖ് എന്തിനാണ് വീടിന് പുറത്തിറങ്ങിയത് എന്ന് പോലും മറക്കുന്ന അവസ്ഥയുമുണ്ടായി. സിനിമ കണ്ട് വീട്ടില്‍ മടങ്ങിയെത്തിയ, പൊട്ടക്കന്നാസിന് അന്ന് കേള്‍ക്കേണ്ടി വന്ന വഴക്കുകള്‍ പിന്നീട് ആത്മപരിശോധനയുടെ നാളുകളാണ് സമ്മാനിച്ചത്. ഒരു ചെവിയില്‍ കേള്‍ക്കുന്ന കാര്യം മറുചെവിയിലൂടെ കളയുന്ന പൊട്ടക്കന്നാസ് പിന്നീട് മാസികകളിലെയും പത്രങ്ങളിലേയും ഫലിതബിന്ദുക്കള്‍ വായിക്കാനാരംഭിക്കുകയും അവ ഹൃദയത്തില്‍ സംഗ്രഹിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍ അവതരിപ്പിക്കുകയും ചെയ്‌തതോടെ കോമഡി കലാകാരന്‍ എന്ന നിലയില്‍ സിദ്ദിഖിനെ സഹപാഠികള്‍ നെഞ്ചിലേറ്റി. പഠനത്തിലും മറ്റ് കായിക വിനോദങ്ങളിലും പൊതുവെ താത്‌പര്യം പ്രകടിപ്പിക്കാതിരുന്നതിനാല്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് പൊതുവെ അംഗീകാരം ലഭിക്കാത്തതും സിദ്ദിഖിനെ കഠിനപ്രയത്നത്തിലേയ്‌ക്ക് നയിച്ചു. പിന്നീട് വളര്‍ത്തിയെടുത്ത വായനാശീലവും പങ്കെടുത്ത മിമിക്രിയും പ്രച്ഛന്നവേഷ മത്സരങ്ങളുമെല്ലാം സിദ്ദിഖിനെ സുഹൃത്തുക്കള്‍ക്കിടയിലെ ഹീറോയാക്കി മാറ്റുകയായിരുന്നു.
ഹിറ്റുകളുടെ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട്: മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് സംവിധായക ജോഡിയായിരുന്ന സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന് 'മൂശിക സ്‌ത്രീ' എന്ന ഉത്സവപ്പറമ്പിലെ നാടകത്തിനും, അരങ്ങ് തകര്‍ത്ത മിമിക്രി പരിപാടികളുടെയും, കൊച്ചിന്‍ കലാഭവനിലെ ഒത്തുച്ചേരലിന്‍റെയും അത്ര പഴക്കമുണ്ട്. മലയാളത്തിന്‍റെ മികച്ച സംവിധായക കൂട്ടുകെട്ടിന്‍റെ നിര അലങ്കരിക്കുന്നതില്‍ ശ്രീധര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ മുടങ്ങാതെ കണ്ട ശേഷമുള്ള നിരൂപണങ്ങള്‍ക്ക് ഉള്‍പ്പടെ മദ്യപിച്ച ശേഷം സ്‌റ്റേജില്‍ കയറില്ലെന്ന ശപഥത്തിന് വരെ പങ്കുണ്ടായിരുന്നു. മദ്യത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്നതെല്ലാം കലയല്ല എന്ന വിശ്വസിച്ച ഈ അപൂര്‍വം കലാകാരന്മാരുടെ മേല്‍നോട്ടത്തില്‍ പിറന്നത് എണ്ണംപറഞ്ഞ ഹിറ്റ് ചിത്രങ്ങളായിരുന്നു. എന്നാല്‍, വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഇരുവരും ഒത്തുചേര്‍ന്ന് പിരിയുവാന്‍ എടുത്ത തീരുമാനങ്ങളും മലയാള സിനിമയെ തെല്ലൊന്നുമല്ല പ്രതികൂലമായി ബാധിച്ചത്. പിന്നീട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖിന്‍റെ സംവിധാന മികവില്‍ ലാല്‍ പ്രധാന വേഷം അവതരിപ്പിച്ചപ്പോള്‍ പിറന്നത് എക്കാലത്തെയും റൊമാന്‍റിക് കോമഡി ഹിറ്റായ കിങ് ലയര്‍ എന്ന ചിത്രമായിരുന്നു. ഒരിക്കല്‍ കൂടി സിദ്ദിഖ് ലാല്‍ എന്ന പേര് ഒരുമിച്ച് സ്‌ക്രീനില്‍ തെളിയാന്‍ ആഗ്രഹിച്ച പ്രേക്ഷകരെ നിരാശരാക്കി സിദ്ദിഖ് മടങ്ങുമ്പോള്‍, അവസാനിക്കുന്നത് മലയാള സിനിമയുടെ സുവര്‍ണ തലമുറയിലെ തിളക്കമുള്ള ഒരു കണ്ണികൂടിയാണ്.