കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ജിഗർതണ്ട ഡബിൾ എക്‌സ്' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ലോറൻസ്, എസ് ജെ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നവംബർ 10നാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ 'ജിഗർതണ്ട ഡബിൾ എക്‌സി'നെ കുറിച്ചുള്ള സംവിധായകൻ ഷങ്കറിന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ തിരക്കഥയും സംവിധാനവും കഥയുമെല്ലാം മികച്ചതാണെന്നാണ് ഷങ്കറിന്‍റെ വാക്കുകൾ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്‍റെ പ്രതികരണം. രാഘവ ലോറൻസിന്‍റെയും എസ് ജെ സൂര്യയുടേയും പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
അപ്രതീക്ഷിതമായിരുന്നു ചിത്രത്തിന്‍റെ രണ്ടാം പകുതി എന്ന് പറഞ്ഞ അദ്ദേഹം കഥാപാത്രങ്ങളുടെ ഒഴുക്കും ഗംഭീരമായെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, ഛായാഗ്രാഹകൻ തിരുനവുക്കരാസു എന്നിവരെയും സംവിധായകൻ ഷങ്കർ പ്രശംസിച്ചു. പ്രേക്ഷകർ മാത്രമല്ല, ചലച്ചിത്ര മേഖലയിൽ നിന്നും നിരവധിപേർ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.
കാർത്തിക് സുബ്ബരാജിന്‍റെ തന്നെ സംവിധാനത്തിൽ 2014 ഓഗസ്റ്റ് 1ന് പുറത്തു വന്ന 'ജിഗർതണ്ട' എന്ന സിനിമയുടെ തുടർച്ചയാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്'. പതിവ് സിനിമ കാഴ്‌ചകളിൽ നിന്നും മാറി, പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു 'ജിഗർതണ്ട'. സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ലക്ഷ്‌മി മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കതിരേശന്‍ നിർമിച്ച 'ജിഗർതണ്ട' ബോക്‌സോഫിസിലും മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷകളുമായാണ് 'ജിഗർതണ്ട'യുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തിയേറ്ററുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
മലയാളി താരങ്ങളായ നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സഞ്ജന നടരാജൻ, നവീൻ ചന്ദ്ര തുടങ്ങിയവരും ഡബിൾ എക്‌സിൽ അണിനിരക്കുന്നു. ഫൈവ് സ്റ്റാര്‍ ക്രിയേഷൻസിന്‍റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് 'ജിഗർതണ്ട ഡബിൾ എക്‌സ്' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അശോകന്‍ നാരായണന്‍ എം, അസോസിയേറ്റ് പ്രൊഡ്യൂസര്‍ - പവന്‍ നരേന്ദ്ര, ഡയറക്ഷന്‍ ടീം - ശ്രീനിവാസന്‍, ആനന്ദ് പുരുഷോത്ത്, കാര്‍ത്തിക് വിപി, വിഘ്‌നേശ്വരന്‍, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, കലാസംവിധാനം - ബാലസുബ്രമണ്യന്‍, സൗണ്ട് ഡിസൈന്‍ - കുനാല്‍ രാജന്‍, സ്റ്റണ്ട് - ദിലീപ് സുബ്ബരായന്‍, കൊറിയോഗ്രഫി - ഷെറീഫ് എം, വസ്‌ത്രാലങ്കാരം - പ്രവീണ്‍ രാജ, പബ്ലിസിറ്റി ഡിസൈനര്‍ - ടൂണി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO:'ജിഗർതണ്ട ഡബിൾ എക്‌സ്' ട്രെയിലര്‍ പുറത്ത്; തിളങ്ങി നിമിഷയും ഷൈന്‍ ടോമും