കേരളം

kerala

ETV Bharat / entertainment

'സേതുവിന്‍റെ വൈകാരികാവസ്ഥയെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് വിക്ഷേപിക്കണമായിരുന്നു' ; കണ്ണീര്‍ പൂവിന്‍റെ എന്ന പാട്ടിനെക്കുറിച്ച് ലോഹി പറഞ്ഞത് - Kireedam Comedy

'ഗുണപരമായി സേതുമാധവന്‍റെ വികാരങ്ങളെ എങ്ങനെ ആളുകളുടെ ഹൃദയത്തിലേക്ക് മറക്കാനാകാത്ത വിധം വിക്ഷേപിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പാട്ടുവന്നത്' - 'കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടീ' എന്ന പാട്ടിനെക്കുറിച്ച് ലോഹിതദാസ് പറഞ്ഞത്

Lohithadas About Film Kireedam and Song Kanneer Poovinte Kavilil Thalodi
'സേതുവിന്‍റെ വൈകാരികാവസ്ഥയെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് വിക്ഷേപിക്കണമായിരുന്നു' ; കണ്ണീര്‍ പൂവിന്‍റെ എന്ന പാട്ടിനെക്കുറിച്ച് ലോഹി പറഞ്ഞത്

By

Published : Jun 28, 2023, 5:05 PM IST

Updated : Jun 28, 2023, 5:48 PM IST

ജീവിതയാഥാര്‍ഥ്യങ്ങളുടെ അണയാ നെരിപ്പോടിന്‍റെ പൊള്ളിച്ച എക്കാലവും അനുഭവിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ച ചലച്ചിത്രകാരനാണ് ലോഹിതദാസ്. നാട്ടിടവഴികളില്‍ നിന്നും തെരുവുകളില്‍ നിന്നും അയാള്‍ കണ്ടെത്തി അഭ്രപാളികളിലേക്ക് പറിച്ചുവച്ച മനുഷ്യര്‍ ഇന്നും നമ്മുടെയുള്ളില്‍ നീറുന്ന നൊമ്പരമാണ്.

തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും കിരീടത്തിലെ സേതുമാധവനും ഭരതത്തിലെ ഗോപിനാഥനും ദശരഥത്തിലെ രാജീവ് മേനോനും അമരത്തിലെ അച്ചൂട്ടിയും വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരും പാഥേയത്തിലെ ചന്ദ്രദാസും കാരുണ്യത്തിലെ സതീശനും ഭൂതക്കണ്ണാടിയിലെ വിദ്യാധരനുമെല്ലാം ഇന്നും നിസ്സഹായരായ മനുഷ്യരുടെ തിരപ്രതിനിധികളായി നമ്മുടെയുള്ളില്‍ ജീവിക്കുന്നു. ജീവിതഘട്ടങ്ങളില്‍ അവരുടെ ഉഴലിച്ചകള്‍ നമ്മളും അനുഭവിച്ചുപോരുന്നു.

കണ്‍മുന്നില്‍ അച്ഛനെ തല്ലിയാല്‍ മകനെന്തുചെയ്യും. അതേ 'കിരീട'ത്തിലെ സേതുമാധവനും ചെയ്തുള്ളൂ. തീര്‍ത്തും സഹജമായ ഈ അനുഭവത്തെ മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന 'ഗ്ലോബല്‍ തോട്ടാ'യി പ്രതിഫലിപ്പിക്കാനായെന്നതാണ് കിരീടത്തിന്‍റെ വിജയം. മലയാളം ഒരു ചെറു ഭാഷയായി പോയതിനാല്‍ മാത്രം ലോകത്തിന് വാഴ്‌ത്താനാകാതെ പോയ ചിത്രമാണത്. ഇംഗ്ലീഷ് പോലെ മലയാളം ഒരു 'വലിയ' ഭാഷയായിരുന്നെങ്കില്‍ ആ സിനിമ അത്രമേല്‍ വൈപുല്യത്തോടെ ലോക ചലച്ചിത്ര വിഹായസ്സില്‍ അടയാളപ്പെടുത്തപ്പെടുമായിരുന്നു.

പൊലീസായാലും മകന് അയാള്‍ അച്ഛനാണല്ലോ. പൊലീസുകാരനായ പിതാവിനെ കൃത്യനിര്‍വഹണത്തിനിടെ ഒരു കുപ്രസിദ്ധ ഗുണ്ട ആക്രമിക്കുമ്പോള്‍, അച്ഛനെ രക്ഷിക്കാന്‍ അയാളെ നിലംപരിശാക്കുന്നതും പിന്നാലെ അതേ തെരുവില്‍ തന്‍റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞ് ഒടുക്കം അയാളെ വകവരുത്തുകയും ചെയ്യുന്നതാണ് കിരീടത്തിന്‍റെ കഥ. കണ്ണുനിറയാതെ ആ ചിത്രം കണ്ടുതീര്‍ക്കാനാവാത്തത് അത്രമേല്‍ ജീവിതത്തോട് ഇഴയടുപ്പമുള്ളതിനാലാണ്. കിരീടത്തിന് പിന്നീട് രണ്ടാംഭാഗമായി സിബി മലയില്‍ - ലോഹിതദാസ് കൂട്ടുകെട്ടില്‍ ചെങ്കോലും പിറന്നു.

കഥയുടെ ഭാവതീവ്രതയെ 'കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടീ' എന്ന് തുടങ്ങുന്ന, ജോണ്‍സണ്‍ മാസ്റ്റര്‍ ഈണമിട്ട് കൈതപ്രം എഴുതിയ പാട്ട് മൂര്‍ത്തമാക്കിയതായി കാണാം. സേതുമാധവന്‍റെ വേദനകളത്രയും പകുത്തെടുത്ത് മലയാളി ആ സങ്കടം നെഞ്ചിലേറ്റുവാങ്ങി. അത് കണ്ണീരായി പെയ്തിറങ്ങി. ആ പാട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ലോഹിതദാസ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ.'ഗുണപരമായി സേതുമാധവന്‍റെ വികാരങ്ങളെ എങ്ങനെ ആളുകളുടെ ഹൃദയത്തിലേക്ക് മറക്കാനാകാത്ത വിധം വിക്ഷേപിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പാട്ടുവന്നത്.

കണ്ണീര്‍ പൂവിന്‍റെ എന്നുതുടങ്ങുന്ന പാട്ടിന്‍റെ സ്ഥാനത്ത് വേറെ നല്ലൊരു പാട്ട് ജോണ്‍സണ്‍ ട്യൂണ്‍ ചെയ്ത് തന്നാല്‍ അത് സ്വീകരിച്ചെന്ന് വരില്ല. കഥാസന്ദര്‍ഭത്തിന്‍റെ വികാരത്തെ വഹിക്കാന്‍ പറ്റുന്ന പാട്ടേ ഉപയോഗിക്കാന്‍ സാധിക്കൂ. കുറേക്കൂടി ഇമ്പമുള്ള ട്യൂണ്‍ കിട്ടിയാല്‍ അവിടെ ഉപയോഗിക്കാന്‍ പറ്റില്ല. മികച്ച പാട്ടല്ല, ആ സാഹചര്യത്തിന് ആവശ്യമുള്ള പാട്ടാണ് വേണ്ടത്. അതുകൊണ്ടാണ് ഇത്തരം പാട്ടുകള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അവ മറക്കാന്‍ പറ്റില്ല. അത് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് നൊമ്പരം തോന്നും'.

എന്തുകൊണ്ട് ഒരു പാട്ട് സിനിമയുടെ വൈകാരികാവസ്ഥയ്ക്ക് കെട്ടുറപ്പേകുന്നുവെന്നും അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. 'അവിടെ പാട്ടുവന്നാല്‍ തകരാറാണ്, ഇവിടെ പാട്ടുവന്നാല്‍ പ്രശ്‌നമാണ് എന്നൊക്കെ കരുതുന്നവരുണ്ട്. ക്ലൈമാക്സിന്‍റെ തൊട്ടുമുന്‍പില്‍ പാട്ടുവന്നാല്‍ പടം വീഴും എന്ന് പറയുന്നവരുമുണ്ട്. കമലദളം എന്ന പടം അവസാനിക്കുന്നത് പാട്ടിലാണ്. വൈകാരികശൂന്യത വരുമ്പോഴാണ് ചിത്രത്തില്‍ ലാഗ് അനുഭവപ്പെടുകയും പാട്ട് ചേരാതിരിക്കുകയുമൊക്കെ ചെയ്യുന്നത്.

കഥാസന്ദര്‍ഭവും ട്യൂണും വരികളും ഉചിതമാണെങ്കില്‍ പാട്ട് എവിടെയും നിലനില്‍ക്കും. വികാരങ്ങളെ കൃത്യമായി ഉറപ്പിച്ചുകാണിക്കാനുള്ള ഉപാധിയായാണ് ഞങ്ങളുടെ പടങ്ങളില്‍ (സിബിമലയില്‍ - ലോഹിതദാസ് ചിത്രങ്ങള്‍) പാട്ട് ഉപയോഗിക്കാറുള്ളത്. വെറുതെ ഒരു ലവ് സോങ്ങോ, സങ്കടം തോന്നിക്കുന്ന പാട്ടോ ഇരിക്കട്ടെയെന്ന് കരുതാറില്ല. അതായത് അഞ്ച് ഗാനങ്ങള്‍ കിടക്കട്ടേയെന്ന് വിചാരിക്കാറില്ല. ഒരു വികാരത്തെ,സങ്കടാവസ്ഥയെ,പ്രണയത്തെ ഉറപ്പിക്കേണ്ടതുണ്ടെങ്കിലേ പാട്ടുപയോഗിക്കാവൂ'.

കിരീടം എഴുതിപ്പൂര്‍ത്തിയാക്കിയ അനുഭവവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവും കുറച്ച് ദിവസങ്ങള്‍ കൊണ്ട് എഴുതിയ സ്ക്രിപ്റ്റാണ് കിരീടത്തിന്‍റേത്. മൂന്നര ദിവസം കൊണ്ടാണ് ഫുള്‍ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. രാവും പകലും ഒരേ ഇരിപ്പില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ്. കഥയുടെ വൈകാരികതയിലേക്കെത്തിയാല്‍ എനിക്ക് പേന വച്ചുകൊടുത്താല്‍ മതി. ഫസ്റ്റ് ഹാഫിന് ഏതാണ് രണ്ട് ദിവസം എടുത്തിട്ടുണ്ടാകും. സെക്കന്‍ഡ് ഹാഫിന് ഏകദേശം ഒന്നര ദിവസമേ വേണ്ടിവന്നുള്ളൂ.

കഥ എങ്ങനെ പോകുന്നു, കഥാപാത്രങ്ങള്‍ എങ്ങനെ സഞ്ചരിക്കുന്നു. എങ്ങനെ ആയിത്തീരും എന്നൊന്നും പറയാന്‍ പറ്റിയെന്ന് വരില്ല. ക്ലൈമാക്സ് എന്തായിത്തീരുമെന്ന് പലപ്പോഴും സിബി ചോദിക്കാറുണ്ട്. അത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അറിയില്ല. എഴുതി വരുമ്പോള്‍ എങ്ങനെയാണോ സംഭവിക്കുന്നത്, അങ്ങനെയേ വരുള്ളൂ. ക്ലൈമാക്സ് നേരത്തേ പ്ലാന്‍ ചെയ്യാറില്ല. കഥാപാത്രങ്ങളുടെ പിന്നാലെ സഞ്ചരിച്ച് അവരെ പകര്‍ത്തുകയാണ് ചെയ്യുന്നത്.

കിരീടത്തിന് തൊട്ടുമുമ്പാണ് സിബിയുടെ വിവാഹം നടക്കുന്നത്. കല്യാണത്തിനൊന്നും പോകേണ്ട, എഴുതിത്തീര്‍ക്കണം എന്ന് ഉണ്ണി (കിരീടം ഉണ്ണി - നിര്‍മാതാവ്) പറഞ്ഞിരുന്നു. അപ്പോള്‍ ആ വാശി കൂടിയുണ്ടായിരുന്നു. അങ്ങനെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയാണ് നാലാം ദിവസം സിബി മലയിലിന്‍റെ കല്യാണത്തിന് പോയത്' - ലോഹി പറഞ്ഞുനിര്‍ത്തി.

Last Updated : Jun 28, 2023, 5:48 PM IST

ABOUT THE AUTHOR

...view details