ഇടുക്കിയെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ സാജിദ് യഹിയയാണ് പുതിയ പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
'റിട്ടേണ്‍ ഓഫ് ദി കിംഗ്' എന്ന ക്യാപ്‌ഷനോടു കൂടിയുള്ളതാണ് 'അരിക്കൊമ്പന്‍റെ' പോസ്‌റ്റര്‍. മല കടത്തീട്ടും, മരുന്നു വെടി വെച്ചിട്ടും, മനുഷ്യര്‍ മറന്നിട്ടും അവന്‍ തിരിച്ചു വന്നു. അവന്‍റെ അമ്മയുടെ ഓര്‍മയിലേയ്‌ക്ക്. നീതിയാണ് ഭൂമിയിലെ ഏറ്റവും ശക്തമായ ശക്തി.' -ഇപ്രകാരമായിരുന്നു സാജിദ് യഹിയയുടെ കുറിപ്പ്.
അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലേയ്‌ക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്ന പ്രഖ്യാപനവുമായി സാജിദ് യഹിയ രംഗത്തെത്തിയത്. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്‍റെ വാസസ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്ന അരിക്കൊമ്പന്‍റെ ജീവിതമാണ് ചിത്രം. ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ വനത്തിലേയ്‌ക്ക് മാറ്റിയ അരിക്കൊമ്പന് സോഷ്യല്‍ മീഡിയയില്‍ താരപരിവേഷമാണ്.
സിനിമയുടെ പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സിനിമയ്‌ക്കായുള്ള താര നിര്‍ണ്ണയം പുരോഗമിക്കുകയാണിപ്പോള്‍. ശ്രീലങ്കയിലെ സിഗിരിയയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
സുഹൈല്‍ എം കോയയുടേതാണ് കഥ. ബാദുഷ സിനിമാസിന്‍റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്‍റെയും ബാനറിലാണ് സിനിമയുട നിര്‍മാണം. പ്രിയദര്‍ശിനി, ഷാരോണ്‍ ശ്രീനിവാസ്, പ്രകാശ് അലക്‌സ്, അമല്‍ മനോജ്, നിഹാല്‍ സാദിഖ്, വിമല്‍ നാസര്‍, അസീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, മാഗ്ഗുഫിന്‍, ആസിഫ് കുറ്റിപ്പുറം തുടങ്ങിയവരാണ് അരിക്കൊമ്പനിലെ അണിയറപ്രവര്‍ത്തകര്‍.
കേരളത്തില്‍ ഇന്നും അരിക്കൊമ്പന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അരിക്കൊമ്പനെ വാസ സ്ഥലത്ത് നിന്നും മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ തുടരുകയാണ്.
അതേസമയം അരിക്കൊമ്പന്‍ നിലവില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട്ടിലെ ഹൈവേ ഡാമിന് സമീപമാണ് കൊമ്പന്‍ ഇറങ്ങിയത്. ഡാമിന് സമീപമുള്ള കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ അരിക്കൊമ്പനെ വനപാലകരും തൊഴിലാളികളും ചേര്‍ന്ന് കാട്ടിലേയ്‌ക്ക് തുരുത്തി.
ഈ സാഹചര്യത്തില്‍ അരിക്കൊമ്പനെ കുറിച്ചുള്ള സുനില്‍ ജലീല്‍ എന്ന വ്യക്തി ഫേസ്‌ബുക്കില്‍ പങ്കുവച്ച ഒരു പോസ്‌റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.
'എന്തുകൊണ്ടാണ് അരിക്കൊമ്പന് അരി നൽകി ശാന്തനാക്കാൻ ആരും മുതിരാത്തത് ? അരിക്കൊമ്പനെ ചിന്നക്കനാൽ സർക്കാർ വക കാട്ടിൽ കഴിയുന്നതിൽ നിന്നല്ലേ വിലക്കി നാടുകടത്തിയത് ? അവനെ നമുക്ക് ചിന്നക്കനാലിൽ തിരികെ കൊണ്ടുവന്ന് അരി കൊടുക്കണ്ടേ? നിയമത്തിന്‍റെ നൂലാമാലകളെ മറികടക്കാനുള്ള ഒരുപായം ഞാൻ പറയാം.
സ്വകാര്യ ഭൂമിയിൽ ആന സ്വന്തം ഇഷ്‌ടപ്രകാരം ജീവിക്കുന്നത് തടയാൻ നിലവിൽ നിയമമൊന്നും ഇല്ല. കേരള എലഫന്‍റ് ആക്‌ട് ഏഴാം വകുപ്പ് രണ്ടാം അനുഛേദം പ്രകാരം ഏതൊരു ആനയ്ക്കും അതിന് ജീവനത്തിനോ പ്രജനനത്തിനോ രണ്ടിനും കൂടിയോ ഏതൊരു സ്വകാര്യ ഭൂമിയിലും ഒറ്റയ്ക്കോ ഇണയുമായോ കുടുംബമായോ സ്വൈരവിഹാരത്തിന് നിയമപരമായി അവകാശമുണ്ട്. ഏത് പ്രദേശവും മുമ്പ് കാടായിരുന്നല്ലോ. അതിനാൽ തന്നെ പൈതൃകമായി അതിന്‍റെ അവകാശം എലഫന്‍റ ആക്‌ട് പ്രകാരം ആനകളിൽ നിക്ഷിപ്‌തമാണ്.