കേരളം

kerala

ETV Bharat / entertainment

'മിടുക്കിയാണ് നൂറു, ഏതു കാര്യവും ആത്മാര്‍ഥതയോടെ ചെയ്യുന്ന പെണ്‍കുട്ടി': പിന്തുണച്ച് യുവ സംവിധായകന്‍ - നൂറിന്‍ ഷെരീഫിനെ പിന്തുണച്ച് യുവ സംവിധായകന്‍

Director support Noorin Shereef: നൂറിന്‍ അഭിനയിക്കുന്ന 'വെള്ളേപ്പ'ത്തിന്‍റെ സംവിധായകനാണ് പ്രവീണ്‍ രാജ്‌. നൂറിനെതിരെ വരുന്ന വാര്‍ത്തകളില്‍ വാസ്‌തവമില്ലെന്നും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍മാതാവ് മറ്റാരുടെയോ വാക്കുകള്‍ കേട്ട് പുലമ്പുന്നതാണെന്നും പ്രവീണ്‍ രാജ് പറയുന്നു.

Director Praveen Raj support Noorin Shereef  മിടുക്കിയാണ് നൂറു  പിന്തുണച്ച് യുവ സംവിധായകന്‍  നൂറിന്‍ ഷെരീഫിനെ പിന്തുണച്ച് യുവ സംവിധായകന്‍  Director support Noorin Shereef
'മിടുക്കിയാണ് നൂറു, ഏതു കാര്യവും ആത്മാര്‍ഥതയോടെ ചെയ്യുന്ന പെണ്‍കുട്ടി'; പിന്തുണച്ച് യുവ സംവിധായകന്‍

By

Published : Jul 14, 2022, 10:17 AM IST

Director support Noorin Shereef: നടി നൂറിന്‍ ഷെരീഫിനെ പിന്തുണച്ച് യുവ സംവിധായകന്‍ പ്രവീണ്‍ രാജ്‌. കഴിഞ്ഞ ദിവസം നടി നൂറിന്‍ ഷെരീഫിനെതിരെ 'സാന്‍റാക്രൂസ്‌' സിനിമയുടെ നിര്‍മാതാവ് രാജു ഗോപി ചിറ്റേത്തും സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും രംഗത്തെത്തിയിരുന്നു. ചോദിച്ച പ്രതിഫലം നല്‍കിയിട്ടും നൂറിന്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും പ്രൊമോഷന്‍ പരിപാടികളോട് സഹകരിച്ചില്ലെന്നുമായാരുന്നു നിര്‍മാതാവിന്‍റെ ആരോപണം. തുടര്‍ന്ന് നൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ്‌ കമന്‍റുകള്‍ ഉയര്‍ന്നു.

ഈ സാഹചര്യത്തിലാണ് യുവ സംവിധായകന്‍ പ്രവീണ്‍ രാജ്‌ നൂറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. നൂറിനെതിരെ വരുന്ന വാര്‍ത്തകളില്‍ വാസ്‌തവമില്ലെന്നും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍മാതാവ് മറ്റാരുടെയോ വാക്കുകള്‍ കേട്ട് പുലമ്പുന്ന വാക്കുകള്‍ മാത്രമാണെന്നും പ്രവീണ്‍ രാജ് പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം. താന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ നൂറിന്‍ അഭിനയിച്ചിട്ടുണ്ടെന്നും അതിന്‍റെ അനുഭവത്തിലാണ് ചില കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും പ്രവീണ്‍ കുറിച്ചു. നൂറിന്‍ അഭിനയിക്കുന്ന 'വെള്ളേപ്പ'ത്തിന്‍റെ സംവിധായകനാണ് പ്രവീണ്‍ രാജ്‌.

'പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി. നൂറിന്‍ ഷെരിഫ്‌ എന്ന എന്‍റെ നായികയെ കുറിച്ചാണ് രാവിലെ മുതല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്. സത്യത്തില്‍ ആ പ്രചരണത്തിന്‍റെ ഉദ്ദേശം എന്താണ് എന്ന് ആ വാര്‍ത്ത പ്രസിദ്ധീകരിച്ച പേജുകള്‍ക്കടിയില്‍ പലരും കമന്‍റ്‌ ആയി ഇടുന്നും ഉണ്ട്.

സിനിമ നന്നായാല്‍ ആളുകള്‍ വരും എന്ന് ആണ് ഇത്രയും കാലമായിട്ടും എന്‍റെ ഇളയ അനുഭവം. നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളായി മാധ്യമങ്ങളില്‍ നിറയ്ക്കുകയും ചെയ്‌തു വ്യക്തിഹത്യ നടത്തുന്നു. ആത്മരതിയുടെ അപ്പോസ്‌ഥലന്മാര്‍ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു.

ഈ സൈബര്‍ ബുള്ളിങ്‌ ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനില്‍ക്കും, പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്‌തുത. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിര്‍മാതാവ് മറ്റാരുടെയോ വാക്കുകള്‍ കേട്ട് പുലമ്പുന്ന വാക്കുകള്‍ മാത്രമാണ്. എന്‍റെ അനുഭവത്തില്‍ ഞങ്ങളുടെ കൊച്ചു സിനിമയില്‍ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്ത് ഇരുന്ന് ചോറുണ്ട്, അമ്പത് രൂപയുടെ സിനിമ ബിരിയാണി ഒക്കെ ആയിരിക്കും ഭക്ഷണം, എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്പോള്‍ സങ്കടം വരും.

രാവിലെ മുതല്‍ വാട്‌സ്‌ആപ്പില്‍ വാര്‍ത്തകള്‍ കൊണ്ട് തള്ളുന്ന എല്ലാവര്‍ക്കും വേണ്ടി കൂടിയാണ് ഇത് പോസ്‌റ്റുന്നത്. ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി എടുത്തതാണ്. തൃശൂര്‍ കോര്‍പറേഷന്‍ നടത്തുന്ന ശുചിത്വ മിഷന്‍ പരിപാടിയുടെ ഉദ്‌ഘാടനം ചെയ്യാന്‍ ഉള്ള പരിപാടി. ശക്തന്‍ സ്‌റ്റാന്‍ഡിന്‍റെ ഒരു വശം മുഴുവന്‍ വൃത്തിയാക്കാന്‍ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാര്‍ക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്‍റെ പോലും കിളി പോയി.

ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്‍റെ ആത്മാര്‍ഥതയോടെ ചെയ്യണം എന്ന് നമ്മള്‍ക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോള്‍ഡ്‌ ആയ പെണ്‍കുട്ടി. ഇപ്പോള്‍ ഈ കേള്‍ക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല എന്നാലും നമ്മളെ അറിയുന്ന നമ്മള്‍ക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ട് രൂപയുടെ വാര്‍ത്ത ഒക്കെ വരുമ്പോള്‍ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്. യൂണിവേഴ്‌സിറ്റി എക്‌സാം ദിവസം റിലീസ് വച്ചിട്ട് ഫസ്‌റ്റ്‌ ഷോ കാണാം വരണമെന്ന് പറയുന്നതിലെ യുക്‌തി കൂടി മനസ്സിലാക്കണം.

ഇനി എന്‍റെ സിനിമയുടെ കാര്യം പറയാം അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നും ഇല്ല. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാന്‍.'

Also Read: 'പത്ത് രൂപ വാങ്ങുമ്പോള്‍ രണ്ട്‌ രൂപയുടെ എങ്കിലും ആത്മാര്‍ഥത കാണിക്കണം'; നൂറിനെതിരെ നിര്‍മാതാവ്‌

ABOUT THE AUTHOR

...view details