മുംബൈ:ഇന്ത്യൻ സിനിമയുടെ മെഗാസ്റ്റാർ അമിതാഭ് ബച്ചനെ പ്രശംസിച്ച് സംവിധായകൻ പ്രശാന്ത് നീൽ. അമിതാഭ് ബച്ചൻ അവതരിപ്പിച്ച പ്രതിനായക വേഷങ്ങൾക്കാണ് 'കെജിഎഫ്' സംവിധായകന്‍റെ കയ്യടി. നെഗറ്റീവ് ഷേഡുള്ള വേഷങ്ങൾ അമിതാഭ് ബച്ചൻ ചെയ്യുന്നതുപോലെ മറ്റാരും അവതരിപ്പിക്കില്ലെന്ന് പ്രശാന്ത് നീൽ പറഞ്ഞു. തന്‍റെ നായകന്മാരിലെല്ലാം അമിതാഭ് ബച്ചൻ പകർന്നാടിയ ആന്‍റി-ഹീറോ കഥാപാത്രങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് പ്രശാന്ത് നീൽ വ്യക്തമാക്കി ( Amitabh Bachchan biggest inspiration for all my movies says director Prashanth Neel).
'എന്‍റെ എല്ലാ സിനിമകൾക്കും ഏറ്റവും വലിയ പ്രചോദനം അമിതാഭ് ബച്ചനാണ്. അദ്ദേഹം നായകനായി അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്, പക്ഷേ അദ്ദേഹം വില്ലനുമായിരുന്നു. ആ കാലഘട്ടത്തിന് ശേഷം വളരെ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഒരു ജോണറാണിത്. അദ്ദേഹം നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി, മറ്റാരും അത് ചെയ്‌തതായി ഞാൻ കരുതുന്നില്ല' - പ്രശാന്ത് നീൽ പറയുന്നു.
"അദ്ദേഹം വില്ലനെ ഹീറോയാക്കി ആക്കി. എന്‍റെ സിനിമകളിലും ഞാൻ അതാണ് ചെയ്യാൻ ശ്രമിക്കുന്നത്.. എന്‍റെ കഥാപാത്രങ്ങളെ, പോസിറ്റീവ് ആയവയെപ്പോലും കഴിയുന്നത്ര നെഗറ്റീവ് ആക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നായകൻ എന്‍റെ സിനിമയിലെ ഏറ്റവും വലിയ വില്ലനായിരിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.
മുകുൾ ആനന്ദ് സംവിധാനം ചെയ്‌ത 1990 ലെ ഹിറ്റ് സിനിമ "അഗ്നിപഥ്" ആണ് തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ബച്ചൻ ചിത്രമെന്നും നീൽ പറഞ്ഞു. അമിതാഭ് ബച്ചൻ വേഷമിടുന്ന ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് തന്‍റെ സ്വപ്‌നമെന്നും സംവിധായകൻ പറഞ്ഞു.
'ഞാൻ മരിക്കുന്നതിന് മുമ്പ്, എനിക്ക് അമിതാഭ് ബച്ചനൊപ്പം ഒരു സിനിമ ചെയ്യണം. 70, 80, 90 കളിലെ സിനിമാ വിദ്യാർഥിയായ എനിക്ക് അദ്ദേഹത്തെ അല്ലാതെ മറ്റാരെയും കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അമിതാഭ് ബച്ചന് വേണ്ടി ഒരു സിനിമ ചെയ്യണമെന്നത് എന്‍റെ ഏറ്റവും വലിയ സ്വപ്‌നമാണ്.