ത്രില്ലര്‍ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്‌ടീവ്, ദൃശ്യം, മെമ്മറീസ്, ദൃശ്യം 2 പോലുളള സിനിമകളെല്ലാം ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ പ്രതിഭ അടയാളപ്പെടുത്തിയവയാണ്. എറ്റവുമൊടുവിലായി ഇറങ്ങിയ, സംവിധായകന്‍റെ മോഹന്‍ലാല്‍ ചിത്രം 12ത് മാനും മികച്ച പ്രതികരണം നേടി മുന്നേറുന്നു.
ജീത്തു ജോസഫ് സിനിമകള്‍ക്കെല്ലാം വലിയ പ്രതീക്ഷയോടെ സിനിമാപ്രേമികള്‍ കാത്തിരിക്കാറുണ്ട്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം എല്ലാം സിനിമകള്‍ ചെയ്‌ത സംവിധായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ഇതുവരെ ചെയ്‌തിട്ടില്ല. ദൃശ്യത്തിനായി മോഹന്‍ലാലിന് മുന്‍പ് മമ്മൂക്കയെയാണ് ജീത്തു ജോസഫ് സമീപിച്ചതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ആ ചിത്രം മോഹന്‍ലാലിലേക്ക് എത്തി. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുളള തന്‍റെ ആഗ്രഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്‌ക്കുകയാണ് സംവിധായകന്‍. മമ്മൂക്കയുമായുളള ഒരു സിനിമ തീര്‍ച്ചയായും തന്‍റെ പ്ലാനില്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു.