നടൻ ബിജുക്കുട്ടനെതിരെ വിമർശനവുമായി സംവിധായകൻ ഹുസൈൻ അരോണി എറണാകുളം:നടൻ ബിജുക്കുട്ടൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'കള്ളന്മാരുടെ വീട്'. ഹുസൈൻ അരോണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ബിജുക്കുട്ടനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഹുസൈൻ അരോണി. സിനിമ ചിത്രീകരണത്തിനിടെ നടന്‍റെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവമാണ് ഹുസൈൻ അരോണി ചൂണ്ടിക്കാട്ടിയത് (Director Hussain Aroni against actor Biju Kuttan).
'കള്ളന്മാരുടെ വീട്' സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ബിജുക്കുട്ടനാണ്. സിനിമയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ടെങ്കിലും ചിത്രീകരണ സമയത്ത് താരം അണിയറ പ്രവർത്തകരെ ആകെ ധർമ്മസങ്കടത്തിൽ ആക്കിയെന്ന് സംവിധായകൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണം തുടങ്ങി അഞ്ചുദിവസത്തോളം ബിജുക്കുട്ടൻ നല്ല സഹകരണമായിരുന്നു. പിന്നീടാണ് മനോഭാവത്തിൽ മാറ്റം വന്നുതുടങ്ങുന്നത്.
പറഞ്ഞുറപ്പിച്ച തുക ലഭിക്കുകയില്ലേ എന്ന ആശങ്കയാവാം അദ്ദേഹത്തിനുണ്ടായിരുന്നത് എന്നും സംവിധായകൻ പറയുന്നു. എന്നാൽ അത്തരം ഒരു ആശങ്ക ഒഴിവാക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ സംവിധായകൻ തന്നെ ബിജുക്കുട്ടന് പ്രതിഫലത്തുക മുഴുവൻ കൊടുത്തുതീർത്തു. സാധാരണ ഡബ്ബിങ് പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് സിനിമയിൽ പ്രതിഫല തുകകൾ പൂർണമായും നൽകുന്നത്.
എന്നാൽ താൻ അതിന് മുൻപ് തന്നെ പ്രതിഫലം നൽകിയെന്ന് ഹുസൈൻ അരോണി പറഞ്ഞു. പക്ഷേ, തുക മുഴുവനായി നൽകിയിട്ടും ബിജുക്കുട്ടൻ വേണ്ടരീതിയിൽ സഹകരിച്ചില്ല. സിനിമയുടെ പ്രമോഷൻ വേളകളിൽ ഒന്നും തന്നെ എത്തിച്ചേർന്നില്ല.
ചിത്രീകരണ സമയത്ത് നടുറോഡിൽ വച്ചൊക്കെ അണിയറ പ്രവർത്തകരോട് മോശം ഭാഷയിൽ പ്രതികരിക്കുമായിരുന്നു. അത് വലിയ വേദന ഉണ്ടാക്കി. എന്ത് തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹം അങ്ങനെ പെരുമാറിയത് എന്നറിയില്ല- സംവിധായകൻ ഹുസൈൻ അരോണി പറഞ്ഞു.
അതേസമയം ബിജുക്കുട്ടനൊപ്പം പുതുമുഖങ്ങളായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവൻ, ശ്രീകുമാർ രഘു നാദൻ, ഷെറീഫ് അകത്തേത്തറ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹുസൈൻ അരോണി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചത്. ബിനീഷ് ബാസ്റ്റിനും പ്രധാന വേഷത്തിലുള്ള ഈ ചിത്രം കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ, ഹൊററിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം റിലീസ് ചെയ്‌ത രോമാഞ്ചം പോലെ 'കള്ളന്മാരുടെ വീട്' പ്രേക്ഷകരെ ആകർഷിക്കുമെന്ന് സംവിധായകൻ പറയുന്നു. ഷീലയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഹുസൈൻ അരോണി നിർമിക്കാനിരുന്ന ചിത്രം നേരത്തെ സാങ്കേതിക കാരണങ്ങളാൽ മുടങ്ങി പോയിരുന്നു. അന്ന് ധാരാളം ചെറുപ്പക്കാർക്ക് അവസരം നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു.
പക്ഷേ ചിത്രം മുടങ്ങിയതോടെ എല്ലാവരും നിരാശരായി. അങ്ങനെയാണ് 'കള്ളന്മാരുടെ വീട്' എന്ന ആശയത്തിലേക്ക് എത്തുന്നതും ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നതുമെന്ന് ഹുസൈൻ അരോണി പറഞ്ഞു. ബിനീഷ് ബാസ്റ്റിൻ ഒരു വികാരിയുടെ വേഷമാണ് ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. സുനിൽ സുഖദ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സജിത്ത് കരുനാഗപ്പള്ളി, സുരേഷ് ഒറ്റപ്പാലം, രാധാകൃഷ്‌ണൻ കാരാകുർശി, സലിം അലനെല്ലൂർ, ജോസ് തിരുവല്ല, വിമൽ മേനോൻ, പ്രവീൺ കുമാർ, ഗോപിക, രേഷ്‌മ, ഐശ്വര്യ സുജിത്ത്, അഞ്ജലി, ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.