'ഹിഗ്വിറ്റ' പേര് വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍. 'ഹിഗ്വിറ്റ' എന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പ്രശസ്‌ത ഗോള്‍കീപ്പറുടെ പേരാണെന്ന് ബി ഉണ്ണികൃഷ്‌ണന്‍. ഇതാദ്യമായാണ് ഇത്തരത്തില്‍ വിചിത്രമായൊരു പ്രശ്‌നം വരുന്നതെന്നും സംവിധായകന്‍ പ്രതികരിച്ചു. 'ഹിഗ്വിറ്റ' പേര് വിവാദത്തില്‍ താന്‍ സംവിധായകന്‍ ഹേമന്ത് ജി നായര്‍ക്കൊപ്പമാണെന്നും ബി ഉണ്ണികൃഷ്‌ണന്‍ വ്യക്തമാക്കി. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു സംവിധായകന്‍റെ പ്രതികരണം.
'ഹിഗ്വിറ്റ എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഒരു വ്യക്തിയുടെ നാമമാണ്. ടൈറ്റില്‍ കോപ്പിറൈറ്റ് ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ഒരു വ്യക്തിയുടെ നാമം കോപ്പിറൈറ്റ് ചെയ്യുമ്പോള്‍ അതിന്‍റെ നിയമവശങ്ങള്‍ കൂടി നാം അറിയണം. ഈ വിഷയത്തില്‍ കോടതിയോട് തന്നെ നമുക്ക് ഒരു നിലപാട് ചോദിക്കാം. കോടതിയുടെ നിലപാട് നമുക്ക് സ്വീകരിക്കാം.
ഹിഗ്വിറ്റ എന്നത് പ്രശസ്‌തനായ ഒരു ഗോള്‍കീപ്പറുടെ പേരാണ്. അദ്ദേഹത്തിന്‍റെ ഫുട്‌ബോള്‍ വൈഭവം നമ്മള്‍ ആസ്വദിച്ചിട്ടുള്ളതുമാണ്. ദുരന്തപര്യവസാനിയായും അല്ലാതെയുമൊക്കെ പല കഥകള്‍ ആ ബിംബത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആ ഒരു ബിംബം ഉപയോഗിച്ച് എന്‍എസ് മാധവന്‍ സര്‍ ഒരു പ്രതിരൂപം ഉണ്ടാക്കുകയും നാമെല്ലാം അതിനെ വളരെയധികം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്‌തു എന്നതും സത്യമാണ്.