മുംബൈ: 'തുജേ ദേഖാ തോ യേ ജാനാ സനം...' സിംഗിളായവരും പ്രണയിക്കുന്നവരുമൊക്കെ ഒരുപോലെ മൂളുന്ന ഗാനം... ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ഒഴുകിപ്പടർന്ന പ്രണയകാവ്യം ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ.. വരൂ നമുക്ക് ഒരിക്കൽ കൂടി പ്രണയിക്കാമെന്നു പറഞ്ഞുകൊണ്ട് പ്രണയദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ് 'രാജും സിമ്രാനും'..
1995 ഒക്‌ടോബർ 20ന് ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡിഡിഎൽജെ) ഇന്ന് മുതൽ ഒരാഴ്‌ച ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ വീണ്ടും റീ-റിലീസ് ചെയ്യുമെന്ന് യാഷ് രാജ് ഫിലിംസ് അറിയിച്ചു. പ്രേഷകരുടെ നാളുകളായുള്ള അഭ്യർഥന പ്രകാരമാണ് ചിത്രം വീണ്ടും പ്രദർശിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് യാഷ് രാജ് ഫിലിംസ് കൂട്ടിച്ചേർത്തു.
മുംബൈ, പൂനെ, അഹമ്മദാബാദ്, സൂറത്ത്, വഡോദര, ഗുഡ്ഗാവ്, ഫരീദാബാദ്, ലഖ്‌നൗ, നോയിഡ, ഡെറാഡൂൺ, ഡൽഹി, ചണ്ഡീഗഡ്, കൊൽക്കത്ത, ഗുവാഹത്തി, ബെംഗളൂരു, ഹൈദരാബാദ്, ഇൻഡോർ, ചെന്നൈ, വെല്ലൂർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 37 നഗരങ്ങളിൽ ചിത്രം റിലീസ് ചെയ്യും. യാഷ് രാജ് ഫിലിംസിന്‍റെ ചിത്രമായ പത്താൻ തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുന്നതിനിടെയാണ് ജനപ്രിയ ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രണയദിനത്തോടനുബന്ധിച്ച് ഷാരൂഖ് ഖാനെ രാജ് ആയും പത്താൻ ആയും തിയേറ്ററുകളിൽ കാണാൻ ആരാധകർക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും പ്രൊഡക്ഷൻ ഹൗസ് കൂട്ടിച്ചേർത്തു.
ഷാരൂഖ് ഖാൻ- കാജോൾ താരജോഡിയെ ജനപ്രിയമാക്കിയ ചിത്രമാണ് ഡിഡിഎൽജെ. ഇരുവരെയും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രം. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ റിലീസ് ചെയ്‌തതു മുതൽ തലമുറകളായി ഇന്ത്യയ്‌ക്കും ഇന്ത്യക്കാർക്കും പ്രണയത്തിന്‍റെ പര്യായമായി മാറി. റിലീസിന് ശേഷം ഇന്ത്യയിലും വിദേശത്തും മികച്ച കലക്ഷൻ നേടിയ ചിത്രം ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൊന്ന് എന്ന അംഗീകാരവും ചിത്രം നേടിയിട്ടുണ്ട്.
10 ഫിലിം ഫെയർ അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു. തൊണ്ണൂറുകളിൽ കാമ്പസുകളെയും ആഘോഷവേദികളെയും ഒരുപോലെ ത്രസിപ്പിച്ച ഒരുപിടി നല്ല ഗാനങ്ങൾ ചിത്രം സമ്മാനിച്ചു. സഹോദരന്മാരായ ജതിൻ, ലളിത് എന്നിവരാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കിയത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ലത മങ്കേഷ്‌കർ, കുമാർ സോനു, ആശ ഭോസ്‌ലെ, ഉദിത് നാരായൺ എന്നിവർ ശബ്‌ദം നൽകിയതോടെ ചിത്രത്തിലെ ഏഴ് ഗാനങ്ങളും തരംഗം സൃഷ്‌ടിച്ചു.
രാജ് മൽഹോത്ര എന്ന കഥാപാത്രമായി ഷാരൂഖ് ഖാനും സിമ്രാൻ സിങ് എന്ന കഥാപാത്രമായി കാജോളും അരങ്ങ് തകർത്തു. അമരീഷ് പുരി, അനുപം ഖേർ, മന്ദിര ബേദി, കരൺ ജോഹർ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകനെന്ന നിലയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ആദിത്യ ചോപ്ര ഒരുക്കിയ ഈ പ്രണയകാവ്യം അദ്ദേഹത്തിന്‍റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായി ആലേഖനം ചെയ്യപ്പെട്ടു. കരിങ്കല്ലിൽ കോറിയിട്ട പേരുപോലെ ഇന്നും ആരാധക മനസുകളിൽ രാജും സിമ്രാനും മായാതെ നിൽക്കുന്നു.