ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്‍റെ ബാനറിൽ ആനും സജീവും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'ഗോളം'. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന 'ഗോള'ത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് (Golam movie first look poster out).
ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററിൽ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, അലൻസിയർ എന്നിവരെ കാണാം. 'മൈക്ക്', 'ഖൽബ്' എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'ഗോളം'. ചിന്നുചാന്ദിനിയും 'ഗോള'ത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇവർക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് 'ഗോള'ത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജുഷ രാധാകൃഷ്‌ണനാണ് കോസ്റ്റ്യൂം ഡിസൈനർ. 2023ലെ മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ജുഷ രാധാകൃഷ്‌ണനാണ് (സൗദി വെള്ളക്ക, നെയ്‌മർ ) ലഭിച്ചത്. വിജയ് കൃഷ്‌ണൻ ആണ് 'ഗോളം' സിനിമയുടെ ഛായാഗ്രാഹകൻ. 'നെയ്‌മർ', 'കിംഗ് ഓഫ് കൊത്ത' തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിക്കുന്നു.
ഉദയ് രാമചന്ദ്രനാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. 'ഗോള'ത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് എബി സാൽവിൻ തോമസാണ്. മേക്കപ്പ് - രഞ്ജിത്ത് മണാലിപറമ്പിൽ, സ്റ്റീൽസ് - ജസ്റ്റിൻ വർഗീസ്, ശബ്‌ദമിശ്രണം - വിഷ്‌ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. 'ഗോളം' 2024 ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.