ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന 'വോയിസ് ഓഫ് സത്യനാഥനി'ലെ 'ഓ പര്‍ദേസി'യുടെ വീഡിയോ ഗാനം പുറത്ത്. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍ ദിലീപിന്‍റെയും വീണ നന്ദകുമാറിന്‍റെയും ദൃശ്യങ്ങളാണുള്ളത്. തന്‍റെ ഭാര്യയ്‌ക്കൊപ്പം നഗരം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന ദിലീപിന്‍റെ കഥാപാത്രത്തെയാണ് 'ഓ പര്‍ദേസി'യില്‍ കാണാനാവുക.
വിനായക് ശശികുമാർ, സുഷാന്ത് സുധാകരൻ എന്നിവരുടെ ഗാന രചനയില്‍ അങ്കിത് മേനോന്‍റെ സംഗീതത്തില്‍, സൂരജ് സന്തോഷ് ആണ് ഗാനാലാപനം. 'ഓ പര്‍ദേസി'യുടെ ഹിന്ദി വരികള്‍ രചിച്ചിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.
ജൂലായ് 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദിലീപിനെ കൂടാതെ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതിഥി താരമായി അനുശ്രീയും പ്രത്യക്ഷപ്പെടും. ബോളിവുഡ് താരം അനുപം ഖേര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, അലന്‍സിയര്‍ ലോപ്പസ്, മകരന്ദ് ദേശ്‌പാണ്ഡെ, ജാഫര്‍ സാദിഖ്, രമേഷ് പിഷാരടി, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്‍റണി, വീണ നന്ദകുമാര്‍, ബോബന്‍ സാമുവല്‍, അംബിക മോഹൻ, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, സ്‌മിനു സിജോ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
മലയാളത്തില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റാഫി തന്നെയാണ് ചിത്രത്തിന് വേണ്ടി കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദിലീപ് - റാഫി കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. പാണ്ടിപ്പട', 'തെങ്കാശിപ്പട്ടണം','പഞ്ചാബി ഹൗസ്', 'റിങ് മാസ്‌റ്റര്‍', 'ചൈന ടൗണ്‍' എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റ് ചിത്രങ്ങള്‍. ഈ കൂട്ടുകെട്ട് ഇക്കുറിയും തിയേറ്ററുകളില്‍ പൊട്ടിച്ചിരി വിടര്‍ത്തും എന്നതില്‍ സംശയമില്ല.